ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉലച്ച സാഹചര്യത്തില്‍ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രിയും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്മോഹന് സിങ്.
വളര്‍ച്ച കുറയുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ മുമ്പോട്ടു പോകുന്നത് എന്നും ദുര്‍ബല വിഭാഗങ്ങള്‍ ദാരിദ്ര്യത്തേലേക്ക് വീഴാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി ചേര്‍ന്ന് ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്മോഹന് സാമ്പത്തിക മേഖലയെ കുറിച്ച് ആശങ്കപ്പെട്ടത്.
സുസ്ഥിരമായ സാമ്പത്തിക ഉജ്ജീവനത്തന് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അസാധാരണമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വേളയില്‍ ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണം എത്തിക്കേണ്ടതുണ്ട്. ഒരുപാട് ദശാബ്ദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇത്ര കൂടുതല്‍ അളവില്‍ ചെറുതാകുന്നത്. ദരിദ്രരുടെ ജീവിതത്തില്‍ ഇത് വിനാശകരമായ സ്വാധീനമുണ്ടാക്കും. കോവിഡ് പ്രതിസന്ധിയില്‍ അസന്നിഗ്ദ്ധമായ ഒരു നിലയിലാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. വളര്‍ച്ച കുറയുന്നു, തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. സമ്പദ് വ്യവസ്ഥ ഛേദിക്കപ്പെട്ട നിലയില്‍ തുടരുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാത്ത ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യയെന്ന് മന്മോഹന് പറഞ്ഞു. പണം നല്കിയാല് അവര്‍ ജോലിയില്‍ തിരിച്ചെത്തില്ലെന്ന ഭയം തെറ്റാണ്. യു.എസില്‍ കഴിഞ്ഞ മൂന്നു പാദങ്ങളിലും തൊഴില്‍രഹിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്കിടയില്‍ വലിയ ഉത്കണ്ഠയുണ്ട്. സാധാരണ നിലയിലുള്ള സാമൂഹിക ക്രമം തെറ്റിയാല്‍ അത് സമ്പദ് വ്യവസ്ഥയെയും ജീവിതോപാധികളെയും ബാധിക്കും. സമ്പദ് വ്യവസ്ഥ ചുരുങ്ങുക എന്നു പറഞ്ഞാല്‍ അത് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് വിശകലനം ചെയ്യാനുള്ള ജി.ഡി.പി നമ്പര്‍ മാത്രമല്ല. ഒരുപാട് വര്‍ഷത്തെ പുരോഗതി താഴേക്കു പോകുന്നു എന്നാണ് അര്‍ത്ഥം. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ദുര്‍ബല വിഭാഗത്തിലെ വലിയൊരു വിഭാഗം ദാരിദ്ര്യത്തിലേക്ക് വീഴാം. ഒരു വികസിത രാഷ്ട്രത്തെ സംഭവിച്ചിടത്തോളം അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണിത്- അദ്ദേഹം വ്യക്തമാക്കി.
കോവിഡിനെ നേരിടാന്‍ റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ വലിയ അളവില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണം കടം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് ആത്മവിശ്വാസം വന്നിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരുമാനത്തില്‍ വലിയ കുറവും നേരിടുന്നുണ്ട്. ഇടക്കാലത്തേക്ക് മാത്രമായി പുതിയ നികുതി വരുമാനങ്ങള്‍ പ്രായോഗികവുമല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
അ്ന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മള് നേരത്തെ എടുത്ത പണമെല്ലാം കൃത്യമായി തിരിച്ചടച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇവര്‍ക്ക് പണം നല്കാന് ബുദ്ധിമുട്ടുണ്ടാകില്ല- അദ്ദേഹം എഴുതി.