ജനാധിപത്യം നമ്മള്‍ തെരഞ്ഞെടുത്ത വഴി ജനങ്ങളെ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ജനാധിപത്യം ഇന്ത്യ സ്വയം തെരഞ്ഞെടുത്ത വഴിയാണെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുമേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. മാറ്റം കൊണ്ടുവരേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ അത് ബിസിനസ് സമൂഹത്തേയും ജനങ്ങളേയും മുറിപ്പെടുത്തുമോ എന്നത് ആലോചിക്കണം.
ആലോചനകളില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധനം, ജി.എസ്.ടി തീരുമാനങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മന്‍മോഹന്‍ സിങ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദ ഹിന്ദു – ബിസിനസ് ലൈന്‍ ചേഞ്ച്‌മേക്കേഴ്‌സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വേദിയിലിയിരുത്തിയായിരുന്നു മന്‍മോഹന്റെ വിമര്‍ശനം.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു നയങ്ങളും വിജയം കാണില്ല. ജനാധിപത്യം നമ്മള്‍ സ്വയം തെരഞ്ഞെടുത്ത വഴിയാണ്. അധികാരിവര്‍ഗത്തിന്റെ അധീശത്വ നിലപാടുകള്‍ ഈ രാജ്യത്ത് വിലപ്പോവില്ല. മാറ്റങ്ങള്‍ കൊണ്ടു വരുമ്പോള്‍ അത് ജനങ്ങള്‍ക്ക് ഏതെല്ലാം തരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടറിഞ്ഞും ജനങ്ങളെ വിശ്വാസത്തിലെടുത്തും കൊണ്ടുവരേണ്ടത് രാജ്യത്തെ ഭരണാധികാരികളുടെ ബാധ്യതയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ജി.എസ്.ടി ദീര്‍ഘകാല ലക്ഷ്യത്തോടെ നടപ്പാക്കിയ തീരുമാനമായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചടങ്ങില്‍ പറഞ്ഞു. താല്‍ക്കാലിക പ്രതിബന്ധങ്ങളുണ്ടെങ്കിലും തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയം കാണുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് കലിംഗ സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിനും ഡിജിറ്റല്‍ ട്രന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് ഇ നാമിനും ഐകോണിക് ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് ബെസ്‌വാദ വില്‍സണും ചടങ്ങില്‍ സമ്മാനിച്ചു. യങ് ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് അഞ്ജു വര്‍മ്മ, കുഷ്, അര്‍ജുന്‍ പാണ്ഡെ എന്നിവര്‍ പങ്കിട്ടു.