പൊങ്ങച്ചവും പാഴ്‌വാഗ്ദാനങ്ങളും നയരൂപീകരണത്തിന് പകരമാവില്ല; മോദിയോട് മന്‍മോഹന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നയരൂപീകരണങ്ങള്‍ക്ക് പകരം വെക്കാന്‍ മോദിയുടെ പൊങ്ങച്ചത്തിനും പാഴ്‌വാഗ്ദാനങ്ങളും മതിയാകില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക മൈത്രിയും സാമ്പത്തിക വികസനവും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിനായി രാഹുല്‍ ഗാന്ധിക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും മന്‍മോഹന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ പ്രവര്‍ത്തകസമിതി യോഗമാണ് ഇത്. രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി പറഞ്ഞു. ആ ചുമതല നിറവേറ്റാന്‍ ഓരോ പ്രവര്‍ത്തകനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിചയസമ്പന്നരും ഊര്‍ജ്ജ്വസ്വലരും ഒരുപോലെ ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ തന്നെ രാജ്യത്തിന്റെ ഉന്നമനത്തില്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട നിരവധി ആളുകളുണ്ട്. അവരുടെ ഉന്നമനത്തിനും ഉയര്‍ത്തെഴുന്നേല്‍പിനുമായി നാം പ്രവര്‍ത്തിക്കണം-രാഹുല്‍ പറഞ്ഞു.

SHARE