ഡബ്ല്യു.സി.സിയില്‍ നിന്നും മഞ്ജുവാര്യരുടെ രാജി; ചിന്തിച്ചിട്ടു പോലുമില്ലെന്ന് താരത്തിനോട് അടുത്തവൃത്തങ്ങള്‍

ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെക്കുന്നത് സംബന്ധിച്ച് മഞ്ജുവാര്യര്‍ ചിന്തിച്ചിട്ടുപോലുമില്ലെന്ന് മഞ്ജുവാര്യറോട് അടുത്തവൃത്തങ്ങള്‍. ഇന്നലെ താരം രാജിവെച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അടുത്തവൃത്തങ്ങള്‍ എത്തിയത്. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘വളരെ തെറ്റായ പ്രചരണമാണ് ഇത് സംബന്ധിച്ച് നടക്കുന്നത്. വിമന്‍ ഇന്‍ കളക്ടീവില്‍ നിന്നുള്ള രാജിയെക്കുറിച്ച് മഞ്ജു ചിന്തിച്ചിട്ടുപോലുമില്ല.’ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു ഇപ്പോള്‍. വനിതാ സംഘടനയിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് മഞ്ജുവാര്യര്‍ രാജിവച്ചെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നുമൊക്കെയായിരുന്നു പ്രചരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതിഷേധിച്ചാണ് നാലുനടിമാര്‍ രാജിവെച്ചത്. എന്നാല്‍ ഡബ്ല്യു.സി.സിയിലെ മറ്റു അംഗങ്ങള്‍ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മഞ്ജു ഉള്‍പ്പെടെയുള്ള മറ്റു അംഗങ്ങളുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടത്. അതിന് പിറകെയാണ് ഡബ്ല്യു.സി.സിയില്‍ നിന്നും മഞ്ജുവാര്യര്‍ രാജിവെച്ചെന്നുള്ള വാര്‍ത്ത ചില ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്.