‘ഒരുമിച്ചൊരു ചിത്രം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്’; മഞ്ജുവാര്യര്‍

തമിഴ് നടന്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. ഒരുമിച്ചൊരു ചിത്രം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഒന്നിച്ചു ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആഗ്രഹമുണ്ടെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

‘ഒരുമിച്ചൊരു ചിത്രം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഒന്നിച്ചു ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആഗ്രഹമുണ്ട്. വിജയ്ക്ക് ഇഷ്ടപ്പെട്ട നല്ല കഥകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഏതാണ് നടക്കാന്‍ പോവുന്നതെന്ന് അറിയില്ല. സമയമാകുമ്പോള്‍ അത് നടക്കും’ മഞ്ജു വാര്യര്‍ പറഞ്ഞു.

ജയറാം നായകനായി എത്തിയ ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന വാര്‍ത്തകള്‍ വന്നിരുന്നു. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുക എന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

നേരത്തേ സൂപ്പര്‍ ഹിറ്റായ ’96’ എന്ന ചിത്രത്തില്‍ തൃഷയ്ക്ക് പകരം നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം റിലീസ് ആയതിന് ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ അങ്ങനെ ചിന്തിച്ചിരുന്ന കാര്യം താന്‍ അറിഞ്ഞതെന്ന് മഞ്ജു വാര്യര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.