‘ഉദാഹരണം സുജാതക്കെതിരെ നീക്കം’; മഞ്ജുവാര്യര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടി മഞ്ജുവാര്യര്‍ കൂടിക്കാഴ്ച്ച നടത്തി. ഉദാഹരണം സുജാതക്കെതിരെയുള്ള നീക്കങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറയാനാണ് മഞ്ജുവും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളും എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി തന്നെയാണ് കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇന്നലെയാണ് കൂടിക്കാഴ്ച്ച നടന്നത്. മാധ്യമങ്ങളെ ഒഴിവാക്കി പിന്‍വാതിലിലൂടെയാണ് മഞ്ജുവാര്യറും സംവിധായകനായ ഫാന്റം പ്രവീണ്‍, നിര്‍മ്മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തന്റെ പുതിയ ചിത്രമായ ഉദാഹരണം സുജാത തകര്‍ക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മഞ്ജു മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതായാണ് വിവരം. തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പലരും വിമുഖത കാണിക്കുകയാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. അതേസമയം, ഉദാഹരണം സുജാത കാണാന്‍ ക്ഷണിക്കാനാണ് മഞ്ജുവാര്യര്‍ എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ദിലീപിന്റെ ‘രാമലീലയും’ മഞ്ജുവിന്റെ ‘ഉദാഹരണം സുജാതയും’ ഒരേ ദിവസമായിരുന്നു റിലീസ്. ഉദാഹരണം സുജാതക്ക് മികച്ച രീതിയിലുള്ള പ്രതികരണം ലഭിച്ചെങ്കിലും തിയ്യേറ്ററുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയാണെന്നുള്ള പ്രചാരണം ഉണ്ടായിരുന്നു.