കമലിന്റെ ആമിയില്‍ അഭിനയിക്കരുതെന്ന് മഞ്ജുവാര്യര്‍ക്ക് ഭീഷണി

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ നിന്ന് പിന്‍മാറാന്‍ മഞ്ജുവാര്യര്‍ക്ക് ഭീഷണി. ആമിയായി അഭിനയിക്കരുതെന്നും ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കമല്‍ ആമിയായി അഭിനയിക്കാന്‍ മഞ്ജുവാര്യരെ ക്ഷണിക്കുന്നത്.

മഞ്ജു പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് താഴെയാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെയര്‍ ഓഫ് സൈനബാനുവിന്റേതാണ് പുതിയ ചിത്രം. കമലുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ പ്രശ്‌നം എന്നാണ് കരുതുന്നത്. ദേശീയ ഗാനവിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ കമലിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മഞ്ജുവാര്യര്‍ക്കുനേരെയുള്ള ഭീഷണിയും. വിദ്യാബാലന്‍ ആമിയെ ഉപേക്ഷിച്ചുവെങ്കില്‍ അതിന് പിന്നില്‍ ഒരു കാര്യമുണ്ടായിരിക്കും. എന്നിട്ടും മഞ്ജുചേച്ചി അത് ഏറ്റെടുത്തില്ലേ? ദേശീയ ഗാനത്തെ അപമാനിച്ച ഒരാളുടെ സിനിമയില്‍ തന്നെ ചേച്ചിക്ക് അഭിനയിക്കണോ തുടങ്ങി കമന്റുകള്‍ നിരവധിയാണ്. ചേച്ചിക്ക് പറ്റിയ വേഷമല്ല ഇതെന്നും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംവിധായകന്റെ കൂടെ അഭിനയിക്കുന്നത് ആരാധകരെ വിഷമിപ്പിച്ചുവെന്നും കമന്റുകളുണ്ട്.

നേരത്തെ ബോളിവുഡ് നടി വിദ്യാബാലനായിരുന്നു ആമിയാവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന വിദ്യ പിന്‍മാറുകയായിരുന്നു. പിന്‍മാറ്റത്തിന്റെ കാരണം അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടും ഇല്ല. പിന്നീട് ഏറെ അന്വേഷണത്തിനൊടുവിലാണ് കമല്‍ മഞ്ജുവിലേക്ക് എത്തുന്നത്. അതിനിടെ പല നടിമാരും ആമിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും തീരുമാനമായിട്ടുണ്ടായിരുന്നില്ല.