മഞ്ചേശ്വരം: ജയപ്രതീക്ഷയുടെ ചിറകിലേറി യു.ഡി.എഫ്

ശരീഫ് കരിപ്പൊടി
കാസര്‍കോട്: ഫാസിസവും ജനാധിപത്യവും തമ്മിലുള്ള സമര്‍ത്ഥമായ പോരാട്ടം നടന്ന മഞ്ചേശ്വരത്ത് ജയപ്രതീക്ഷയുടെ ചിറകിലേറി യു.ഡി.എഫ്. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെതിനേക്കാള്‍ നേരിയ കുറവ് ഉണ്ടായെങ്കിലും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പുറത്തുവരുന്ന പ്രവചനങ്ങളും യു.ഡി.എഫിന് വിജയം ഉറപ്പിക്കുന്നു. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആവേശകരമായ പോളിംഗാണ് ഉണ്ടായത്. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള തീരമേഖലയില്‍ കനത്ത പോളിംഗ് ഉണ്ടായത് ശുഭപ്രതീക്ഷ നല്‍കുന്നതായി യു.ഡി.എഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
സ്ത്രീ പോളിംഗിലുണ്ടായ അഭൂതമായ വര്‍ധനയും യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 214779 വോട്ടര്‍മാരില്‍ 106928 സ്ത്രീകളാണ്. ഇതില്‍ 86487പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 80.88 ശതമാനമാണ് വനിതാ പോളിംഗ്. സ്ത്രീവോട്ടര്‍മാരുടെ പോളിംഗ് കൂടിയത് യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. ഇതു യു.ഡി.എഫിന് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. കുമ്പള, മൊഗ്രാല്‍, ഉപ്പള, മഞ്ചേശ്വരം, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ബൂത്തുകളില്‍ കനത്ത പോളിംഗ് നടന്നു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗില്‍ നേരിയ കുറവാണ് ഇക്കുറി. 75.88 ആണ് ലോക്സഭയിലെ പോളിംഗ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 76.33 ശതമാനമായിരുന്നു പോളിംഗ് ശതമാനം. അതേസമയം എന്നത്തെയും പോലെ ഒരു പ്രവചനത്തിലും എല്‍.ഡി.എഫ് ചിത്രത്തിലില്ല എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആളിക്കത്തിയ വിഷയമായിരുന്നു ശബരിമല. ആ ശബരിമല മുഖ്യവിഷയങ്ങളിലൊന്നായി മഞ്ചേശ്വരത്ത് നിറഞ്ഞു നിന്നിരുന്നു. ശബരിമല തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമായതോടെ ഇത് എല്‍.ഡി.എഫിന് വലിയ രീതിയില്‍ പ്രതിസന്ധിയായിട്ടുണ്ട്.
മഞ്ചേശ്വരം നിയമസഭ മണ്ഡലം യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്റെ ഉറച്ചകോട്ടയാണ്. ഇടയ്‌ക്കെപ്പോഴോ അടിതെറ്റിയതൊഴിച്ചാല്‍ വലതിനൊപ്പം അടിയുറച്ചുനില്‍ക്കുന്ന പ്രദേശം. 2011ലും 2016ലും മുസ്‌ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖ് വിജയക്കൊടി പാറിച്ച മണ്ഡലത്തില്‍ ട്രിപ്പിളടിക്കാനിരിക്കുകയാണ് യു.ഡി.എഫ്. 2011ല്‍ 5,864 വോട്ടുകള്‍ക്കാണ് പി.ബി അബ്ദുല്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്. എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. തുടര്‍ന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് 5828വോട്ടുകളുടെ ഭൂരിപക്ഷം നേടി. 2009ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ 7,219 ആയിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. 2016ല്‍ രണ്ടാമതും പി.ബി അബ്ദുല്‍ റസാഖ് ജയിച്ചുകേറി. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11113വോട്ടുകള്‍ക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബി.ജെ.പിയെ തളച്ചത്. എല്‍.ഡി.എഫിനെ 35421 വോട്ടുകള്‍ക്കും പിന്നിലാക്കിയായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് മുന്നേറ്റം.

SHARE