മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.സി.ഖമറുദ്ദീനെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ്.

കാസര്‍കോട് മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റാണ് എം.സി ഖമറുദ്ദീന്‍. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരമായി കാണുന്നുവെന്നും ഇതിനു പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറയുന്നതായും ഖമറുദ്ദീന്‍ പ്രതികരിച്ചു. മുസ്ലീംലീഗും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും കമറൂദ്ദിന്‍ പറഞ്ഞു.