പാണ്ഡെയുടെ ‘ഫെയ്ക്ക് ഫീല്‍ഡിങ്’ അമ്പയര്‍ കണ്ടില്ല; ഇന്ത്യക്ക് ലാഭം അഞ്ച് റണ്‍സ്!

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യിലെ വിജയത്തിനപ്പുറം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് മനീഷ് പാണ്ഡെയുടെ ഫെയ്ക്ക് ഫീല്‍ഡിങ്ങാണ്. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ 20ാം ഓവറിലാണ് കയ്യില്‍ പന്തില്ലാതിരിക്കെ ‘ത്രോ’ ചെയ്യുന്നതായി മനീഷ് പാണ്ഡെ അഭിനയിച്ചതാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചട്ടമനുസരിച്ച് വ്യാജ ഫീല്‍ഡിങ് നിയമവിരുദ്ധമാണെങ്കിലും പാണ്ഡെയുടെ നീക്കം അമ്പയര്‍ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതോടെ അഞ്ചു റണ്‍സും ഇന്ത്യയ്ക്ക് ലാഭം. വ്യാജ ഫീല്‍ഡിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷയെന്ന നിലയില്‍ എതിര്‍ ടീമിന് അഞ്ചു റണ്‍സ് അനുവദിക്കണമെന്നാണ് ചട്ടം.

അവസാന ഓവറില്‍ ജസ്പ്രീത് ബുമ്രയെറിഞ്ഞ ഒരു പന്ത് റോസ് ടെയ്‌ലര്‍ പുള്‍ ചെയ്തു. ബാറ്റ്‌സ്മാന്‍മാര്‍ രണ്ടാം റണ്ണിനായി ശ്രമിക്കുമെന്ന് മനസ്സിലാക്കിയ മനീഷ് പാണ്ഡെ ഡീപ് മിഡ് വിക്കറ്റില്‍നിന്ന് ഓടിയെത്തിയെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാന്‍ പന്ത് ത്രോ ചെയ്യുന്നതുപോലെ അഭിനയിക്കുകയായിരുന്നു. ഇത് ഐസിസിയുടെ ഫീല്‍ഡിങ് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. എന്നാല്‍ അമ്പയര്‍ കാണാതിരുന്നതിനാല്‍ പെനാല്‍ട്ടിയായി അനുവദിക്കേണ്ട അഞ്ച് റണ്‍സും അനുവദിച്ചില്ല.