ന്യൂഡല്‍ഹി: മണിപ്പൂരിലെ ബി.ജെ.പി സഖ്യസര്‍ക്കാര്‍ നേരിട്ട ഭീഷണി പരിഹരിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു പ്രതിസന്ധിക്ക് താല്‍ക്കാലിമായി പരിഹാരമുണ്ടായത്. നേരത്തെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് എന്‍.പി.പിയുടെ നാലും ബി.ജെ.പിയുടെ മൂന്നും എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചിരുന്നു.തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതിനായി കോണ്‍ഗ്രസ് അണിയറയില്‍ ചരടുവലികള്‍ നടത്തവെയാണ് അമിത് ഷായുടെ ഇടപെടല്‍.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേന്‍ സിങ്ങിനെ മാറ്റണമെന്നാണ് എന്‍.പി.പിയും വിമത ബിജെപി എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നത്. ഏകാധിപത്യപരമായ രീതിയിലാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അവരുടെ പരാതി. എന്നാല്‍ ഈക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ബി.ജെ.പി വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനറായ ഹിമാന്ത ബിശ്വ ശര്‍മ മുന്‍കൈയെടുത്ത് എന്‍.പി.പി സംഘത്തെ ഡല്‍ഹിയില്‍ അമിത് ഷായുടെ അടുത്തെത്തിക്കുകയായിരുന്നു.മേഘാലയ മുഖ്യമന്ത്രി കൂടിയായ എന്‍.പി.പി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ അമിത് ഷായെ കണ്ട് സംഘത്തെ നയിച്ചു. ഇതിനിടയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെയും ഇവര്‍ സന്ദര്‍ശിച്ചു.മണിപ്പൂരിലെ ഉപമുഖ്യമന്ത്രി വൈ. ജോയ് കുമാര്‍ സിങ്ങും സംഘത്തിലുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മണിപ്പുരിന്റെ വികസനത്തിനു വേണ്ടി ഇരു പാര്‍ട്ടികളും തുടര്‍ന്നും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് യോഗത്തിനു ശേഷം ശര്‍മ ട്വീറ്റ് ചെയ്തു. മണിപ്പൂരിന്റെ താത്പര്യം മുന്‍നിര്‍ത്തി ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സാങ്മ പറഞ്ഞു. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സുസ്ഥിരമാണെന്നും യാതൊരു ഭീഷണിയുമില്ലെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പാര്‍ട്ടി ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് എന്‍പിപി അടക്കം കക്ഷികളുമായി ചേര്‍ന്ന് മണിപ്പുരില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത്.