മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ വീഴുന്നു;ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ്

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ചു. തൊട്ടുപിന്നാലെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. മറ്റു ചില കക്ഷികളും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു.ഇതോടെ ബൈറണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി.

അതേസമയം, കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ കരുനീക്കം ആരംഭിച്ചു. ഗവര്‍ണറെ കാണാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയുടെ മൂന്ന് എംഎല്‍എമാരാണ് രാജിവച്ചത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മറ്റു ആറ് എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് നല്‍കിവന്നിരുന്ന പിന്തുണ പിന്‍വലിച്ചു. ഇതോടെ ബൈറന്‍ സിങ് നേതൃത്വം നല്‍കുന്ന മണിപ്പൂരിലെ എന്‍ഡിഎ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി.

ബിജെപിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഇബോബി സിങ് പറഞ്ഞു. രാജിവെച്ച സഖ്യകക്ഷികളായ എന്‍പിപിയുടെ നാല് മന്ത്രിമാരുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിരേന്‍ സിങ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി നിയസഭയില്‍ പ്രത്യേക സെക്ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ഉപമുഖ്യമന്ത്രി വൈ ജോയികുമാര്‍ സിങ്, ആരോഗ്യമന്ത്രി എല്‍ ജയന്തകുമാര്‍ സിങ്, ആദിവാസി ക്ഷേമകാര്യ മന്ത്രി എന്‍ കയിഷി, കായിക മന്ത്രി ലെപ്റ്റാവോ ഹവോകിപ്, എന്നിവരാണ് മന്ത്രിസഭയില്‍ നിന്ന് രാവിജവച്ചത്. എസ് എസ് സുഭാഷ് ചന്ദ്ര സിങ്, ടി ടി ഹവോകിപ്, സാമുവല്‍ ജിന്റോയി എന്നിവരാണ് രാജിവച്ച ബിജെപി എംഎല്‍എമാര്‍. തൃണമൂല്‍ എംഎല്‍എയും സ്വതന്ത്ര എംഎല്‍എയും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ബിജെപിയില്‍ ഉടലെടുത്ത ഗ്രൂപ്പ് പോര് മുതലെടുത്താണ് കോണ്‍ഗ്രസ് കൊറോണക്കാലത്ത് കരുക്കള്‍ നീക്കിയത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 എംഎല്‍എമാരുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 21 സീറ്റ് നേടിയ ബിജെപിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. 60അംഗ നിയമസഭയില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവ നാല് സീറ്റ് വീതം നേടി. തൃണമൂലും ലോക്ജനശക്തി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ സീറ്റും വിജയിച്ചു. കോണ്‍ഗ്രസ് ഇതര എംഎല്‍എമാരുടെ പിന്തുണയോടെ ആയിരുന്നു ബിജെപി അധികാരം പിടിച്ചത്.

SHARE