മണിപ്പൂരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; അവിശ്വാസ പ്രമേയം ഉടന്‍ കൊണ്ടുവരും


ഇംഫാല്‍: മണിപ്പൂരില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തങ്ങളുടെ പാര്‍ട്ടി ശ്രമിക്കുകയാണെന്നും ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം ഉടന്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് ഒക്രം ഇബോബി സിംഗ്. രാജിവെച്ച മൂന്ന് ബി ജെ പി. എം എല്‍ എ മാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി ഇന്നലെ രാത്രി നടത്തിയ പത്രസമ്മേളനത്തില്‍ സിംഗ് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബി ജെ പി നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറില്‍ നിന്ന് രാജിവെച്ച ദേശീയ പീപ്പിള്‍സ് പാര്‍ട്ടിയിലെ നാല് മന്ത്രിമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബി ജെ പി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം എത്രയും വേഗം വിളിക്കാന്‍ സ്പീക്കറെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സംസ്ഥാനത്ത് മൂന്ന് ബി ജെ പി. എം എല്‍ എ മാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതുകൂടാതെ ആറ് എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിരേന്‍സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യസര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായത്.

SHARE