ബോറടി മാറ്റാന്‍ സുഹൃത്തിനെ ബാഗിലാക്കി ഫ്‌ലാറ്റിലെത്തിക്കാന്‍ ശ്രമം; ഒടുക്കം 16 കാരന്‍ പിടിയില്‍

ലോക്ക്ഡൗണ്‍ സമയത്തെ ബോറടി മാറ്റാന്‍ കൂട്ടുകാരനെ ബാഗിലാക്കി ഫ്‌ലാറ്റിലെത്തിക്കാന്‍ ശ്രമിച്ച 16 വയസുകാരന്‍ പിടിയില്‍. മംഗളൂരു നഗര മധ്യത്തില്‍ ബല്‍മട്ട ആര്യസമാജം റോഡിലെ ഒരു ഫ്‌ലാറ്റിലാണു സംഭവം.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, തന്റെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ സമയം ചെലവഴിച്ച് മടുപ്പ് തോന്നിയ പതിനാറുകാരന്‍ തന്റെ സുഹൃത്തിനെ മുറിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പുറത്തുനിന്നും ആര്‍ക്കും അധികൃതര്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.
ഇതോടെ കൂട്ടുകാരനെ വലിയ സ്യൂട്ട്കേസില്‍ കയറ്റി കടത്താന്‍ ശ്രമിക്കുകയായിരുന്നു.

വീട്ടിലെ വലിയ ട്രോളിയും വലിച്ചു വരുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റിക്കാരന്‍ ട്രോളി ബാഗ് തുറപ്പിക്കുകയായിരുന്നു. ഇതോടെ അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയുമുണ്ടായി.

മംഗളൂരു ഈസ്റ്റ് പോലീസ് പറയുന്നതനുസരിച്ച്, 16 വയസുകാരന്‍ തന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് മുകളിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോവിഡ് 19 പടരാതിരിക്കാന്‍ അപാര്‍മെന്റ് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചതിനാല്‍ കൂട്ടുകാര നെ അയാള്‍ സ്യൂട്ട്കേസിനുള്ളില്‍ സൂക്ഷിച്ചു.

സുഹൃത്തിനൊപ്പം സ്യൂട്ട്‌കേസ് വലിച്ചിഴച്ചപ്പോള്‍ പന്തികേട് തോന്നിയ സെക്യൂരിറ്റി ഗാര്‍ഡ് മറ്റ് ജീവനക്കാരെ വിളിപ്പിച്ചു കുട്ടിയോട് ബാഗ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റും കാത്തു നില്‍ക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പെട്ടത്. ബഗ് തുറന്നതോടെ എല്ലരേയും ഞെട്ടിച്ച് ബാഗില്‍ ചുരുണ്ടുകൂടിയ പയ്യന്‍ പുറത്തുചാടുകയായിരുന്നു.

ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ലോക്ഡൗണ്‍ ലംഘിച്ചതിനു കേസ് റജിസ്റ്റര്‍ ചെയ്തു വിട്ടയച്ചു.