‘അവരെന്റെ അച്ഛനെ എന്റെ മുന്നില്‍ നിന്നാണ് കൊന്നത്’;വെളിപ്പെടുത്തലുമായി മംഗളൂരുവില്‍ കൊല്ലപ്പെട്ട ജലീലിന്റെ മകള്‍

മംഗളൂരു: പൗരത്വ ഭേദഗതി നിയമതേതിനെതിരെ പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ട ജലീലിനെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ തന്നെ വീട്ടിലെത്തിച്ച് നില്‍ക്കുമ്പോഴാണ് അച്ഛന് വെടിയേറ്റതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. അച്ഛന്‍ വെടിയേറ്റ് വീഴുന്നത് താന്‍ കണ്ട് നില്‍ക്കവെയാണ്.’അവരെന്റെ അച്ഛനെ എന്റെ മുന്നില്‍ നിന്നാണ് കൊന്നത്’ ജലീലിന്റെ മകള്‍ സംഭവത്തെ ഓര്‍ക്കുന്നു.

കൂലിവേലക്കരനായ ജലീലിന് രണ്ട് മക്കളാണുള്ളത്. 14 വയസ്സുള്ള ഷിഫാനിയും 10 വയസുള്ള സബിലും. സ്‌കൂള്‍ ബസ് കുട്ടികളെ പാതിവഴിയില്‍ ഇറക്കി പോയതിനെത്തുടര്‍ന്ന് അവരെ കൂട്ടാന്‍ ജലീല്‍ പുറത്തേക്ക് പോയിരുന്നു. മക്കളെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസിന്റെ വെടി ഇടതു കണ്ണിനേല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് തുടക്കത്തില്‍ നടത്തിയ വാദങ്ങളെല്ലാം തെറ്റായിരുന്നെന്ന് ജലീലിന്റെ ബന്ധുവും പറഞ്ഞു. ‘7,000 മുതല്‍ 9,000 വരെ ആളുകളുള്ള ജനക്കൂട്ടമെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ 50 നും 100 നും ഇടയിലുള്ള ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മംഗളൂരുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

SHARE