മംഗളൂരു വെടിവെപ്പ്; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

പൗരത്വനിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. പൊലീസിന്റെ വീഴ്ച മറയ്ക്കാന്‍ പക്ഷപാതപരാമായി പ്രവര്‍ത്തിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമര്‍ശിച്ചു. പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസുകാര്‍ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് 31 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ കുന്‍ഹയാണ് ജാമ്യം അനുവദിച്ചത്. 2019 ഡിസംബര്‍ 19നായിരുന്നു മംഗളൂരുവില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ വലിയരീതിയിലുള്ള പ്രശ്‌നങ്ങളുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് അടിച്ചമര്‍ത്തുകയും വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.