മംഗലാപുരത്ത് രണ്ടുപേര്‍ വെടിയേറ്റ് മരിച്ച സംഭവം; സംസ്ഥാനത്ത് നാല് ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാതലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍ വയനാട്, കോഴിക്കോട് ജില്ലകളിലാണ് പൊലീസിന് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രതിഷേധത്തിനിടെ പൊലീസ് വെടിവപ്പില്‍ ഇന്ന് രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലക്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തും പൊലീസ് വെടിവയ്പ്പിലാണ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തങ്ങള്‍ ഉപയോഗിച്ചത് റബ്ബര്‍ പെല്ലെറ്റാണെന്ന് കര്‍ണ്ണാടക പൊലീസും വെടിവച്ചിട്ടില്ലെന്ന് യുപി പൊലീസും പറഞ്ഞു.

മംഗളൂരുവില്‍ വെടിയേറ്റ ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മറ്റൊരാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

SHARE