നാടന്‍ ബോംബുപയോഗിച്ച് മൃഗങ്ങളെ കൊന്നൊടുക്കുന്നവരാണ് കേരളീയര്‍; അവിടെ എല്ലായിടത്തും നാടന്‍ ബോംബുണ്ട്- മേനകാ ഗാന്ധി


ന്യൂഡല്‍ഹി: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിനു പിന്നാലെ കേരളത്തിനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് മേനകാ ഗാന്ധി. കേരളത്തില്‍ സുലഭമായി കിട്ടുന്ന നാടന്‍ ബോംബ് ഉപയോഗിച്ച് മൃഗങ്ങളെ കൊന്നൊടുക്കുകയാണെന്ന് മേനക പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്നും അവിടെ ദിവസവും മനുഷ്യരെയും മൃഗങ്ങളെയും കൊല്ലുകയാണെന്നും മേനക പറയുന്നു.

ആനയുടേത് കൊലപാതകമാണെന്ന് മേനക ആവര്‍ത്തിച്ചു. അത് റോഡിലൂടെ നടന്ന് ഭക്ഷണം തേടുകയായിരുന്നു. ആരോ ഒരാള്‍ ബോംബുവച്ച പൈനാപ്പിള്‍ കൊടുത്ത് അതിനെ കൊല്ലുകയായിരുന്നു- ചാനല്‍ ചര്‍ച്ചയില്‍ മേനക പറഞ്ഞു. കാട്ടുപന്നികളെ കൊല്ലാന്‍ അനുവാദം കൊടുത്തിരിക്കുകയാണ് കേരളത്തില്‍. സുലഭമായി കിട്ടുന്ന ബോംബുകള്‍ പഴങ്ങളില്‍ വച്ച് പന്നികളെയടക്കം കൊല്ലുകയാണ്. രാഹുല്‍ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവര്‍ പ്രതികരിക്കണം.

മേനക ഗാന്ധി പറഞ്ഞതിങ്ങനെ:
ഈ മലപ്പുറം ജില്ല ഏറ്റവും ഡിസ്റ്റര്‍ബ്ഡ് ആയ ജില്ലയാണ്. ദിവസവും അവിടെ ഓരോ സംഭവങ്ങളുണ്ടാകുന്നുണ്ട്. അവിടെ മൃഗങ്ങളെ കൊന്നു കൊണ്ടേയിരിക്കുന്നു. അവിടത്തെ പഞ്ചായത്തുകാര്‍ വിഷം തളിക്കുന്നു. ആയിരക്കണക്കിന് മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു. പക്ഷികളെ കൊല്ലുന്നു. പട്ടികളെ കൊല്ലുന്നു. എന്നും കൊലയാണ്. എത്ര സ്ത്രീകളെ ആണ് കൊന്നൊടുക്കിയിരിക്കുന്നത്.

അവിടെ ഹിന്ദു – മുസ്ലീം സംഘര്‍ഷമുണ്ടാക്കി ആളുകളുടെ അവയവം മുറിയ്ക്കുന്നു. ഭയാനകമാണ് സ്ഥിതി. കേരള സര്‍ക്കാരിന് അവരെ പേടിയാണെന്ന് തോന്നുന്നു. ഒരു അന്വേഷണവുമുണ്ടാകില്ല. ഏറ്റവും മോശം ഉദ്യോഗസ്ഥരെയാണ് അവിടെ നിയമിക്കുക. കേരള സര്‍ക്കാര്‍ എന്താണ് ചെയ്യുനത് പ്രതിവര്‍ഷം 600 ആനകളാണ് കേരളത്തില്‍ കൊല്ലപ്പെടുന്നത്. ഓരോ മൂന്നു ദിവസവും ഒരാന വീതം കൊല്ലപ്പെടുന്നു. അമ്പലങ്ങളില്‍ ആനകളെ തല്ലിക്കൊല്ലുന്നു. വെയിലത്ത് പരേഡിനായി കൊണ്ടുപോകുന്നു. ആന വിരണ്ടോടിയാല്‍ അപ്പോള്‍ തന്നെ കൊല്ലുന്നു. തുരുമ്പു പിടിച്ച കുളമ്പ് അടിച്ച് അതിനെ കൊല്ലുന്നു. ഇന്‍ഷുറന്‍സ് കിട്ടാന്‍ വേണ്ടി.

ചങ്ങലയിട്ട് വെള്ളത്തില്‍ മുക്കിക്കൊല്ലുന്നു. കേരള സര്‍ക്കാര്‍ ഒരു ചുക്കും ചെയ്യില്ല എത്ര കൊന്നാലും.

ഒന്നിനും കൊള്ളാത്ത വനം മന്ത്രിയും വൈല്‍ഡ് ലൈഫ് സെക്രട്ടറിയും വൈല്‍ഡ് ലൈഫ് വാര്‍ഡനുമാണ് കേരളത്തിലുള്ളതെന്ന് ഇരുവരുടെയും പേരെടുത്തു പറഞ്ഞ് മേനകാ ഗാന്ധി ആരോപിച്ചു.

SHARE