മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ. സുരേന്ദ്രന്റെ വാദം പൊളിയുന്നു പരേതരുടെ ലിസ്റ്റിലുള്ള രണ്ടുപേര്‍ സമന്‍സ് കൈപറ്റി

ahmed-kunhi
കാസര്‍കോട്: മഞ്ചേശ്വരത്ത് പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വവും വെപ്രാളത്തിലായിട്ടുണ്ട്. നാണക്കേടില്‍ നിന്നും മുഖം രക്ഷിക്കാന്‍ കഴിയാതെ ആശങ്കയിലാണ് ബി.ജെ.പി. വിദേശത്തുള്ളവരും മരിച്ചവരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തുവെന്നാണ് കെ. സുരേന്ദ്രന്റെ ആരോപണം. ഇതേ തുടര്‍ന്ന് 259 വോട്ടര്‍മാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താന്‍ കോടതി സമന്‍സയച്ചിരുന്നു. മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍മാരില്‍ രണ്ടുപേര്‍ മഞ്ചേശ്വരം വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹമ്മദ് കുഞ്ഞിയും മംഗല്‍പ്പാടി ഉപ്പളഗേറ്റ് സ്വദേശി അബ്ദുല്ലയുമാണ്. രണ്ടുപേരും സമന്‍സ് കൈയ്യോടെ സ്വീകരിച്ചു.
ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കോടതിയില്‍ നിന്നും വന്ന സമന്‍സ് ആദ്യം അമ്പരപ്പോടെയാണ് അഹ്മ്മദ് കുഞ്ഞി സ്വീകരിച്ചത്. മരിച്ചശേഷം വോട്ട് രേഖപ്പെടുത്തിയതിനാലാണ് സമന്‍സ് എന്നറിഞ്ഞതോടെ പിന്നീട് മുഖത്ത് ചിരിപടര്‍ന്നു. പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി മരിക്കുന്നത് വരെ അത് നിര്‍വഹിക്കുമെന്നും അഹ്മദ് പറയുന്നു.
ബാക്രബയലിലെ തന്നെ അനസിനും സമന്‍സ് കിട്ടിട്ടുണ്ട്. ഗള്‍ഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ ഇതുവരെയായി അനസ് വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടേയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്നാണ് കെ സുരേന്ദ്രന്റ ആരോപണം. ഈ ആരോപണത്തെ തള്ളികളയുന്നതാണ് അഹ്മദ് കുഞ്ഞിയുടെയും അനസിന്റെയും അനുഭവം.ahmed-kunhi
ഉപ്പളഗേറ്റ് മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്ല ചൊവ്വാഴ്ചയാണ് സമന്‍സ് കൈപ്പറ്റിയത്. മൊത്തം ആറു മരിച്ചവരുടെ പേരിലാണ് കള്ളവോട്ട് ചെയ്തതെന്നാണ് സുരേന്ദ്രന്‍ പരാതി നല്‍കിയിരുന്നത്. അതില്‍ ആദ്യത്തെ പരേതന്‍ തിങ്കളാഴ്ച തന്നെ തനിക്ക് സമന്‍സ് വന്ന കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. രണ്ടാമത്തെ പരേതനും സമന്‍സ് കൈപ്പറ്റിയതോടെ കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ആകെ 281 കള്ള വോട്ടുകളാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് ചെയ്തതെന്നായിരുന്നു കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്. അതില്‍ എട്ടു ഡബിള്‍ എന്‍ട്രികളും ആറു പരേതരുടെ വോട്ടുകളും ആയിരുന്നു. പിന്നെ 28 പേര്‍ വോട്ട് പോലും ചെയ്തിരുന്നില്ല. ആറു പരേതരില്‍ രണ്ടാളുകള്‍ നേരിട്ട് തന്നെ ഇതിനോടകം സമന്‍സ് കൈപറ്റിയതോടെ ബി.ജെ.പിയുടെ കള്ളപ്രചാരണം പൊളിയുകയാണ്.