മഞ്ചേശ്വരത്ത് സി.പി.എമ്മില്‍ ചേരുന്നത് മുസ്‌ലിം ലീഗ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആള്‍

കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് സി.പി.എമ്മില്‍ ചേരുന്ന കെ.കെ അബ്ദുല്ലക്കുഞ്ഞി മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍. 2017 ഫെബ്രുവരി 28ന് ചേര്‍ന്ന മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് അച്ചടക്ക ലംഘനത്തിന് കെ.കെ അബ്ദുല്ലക്കുഞ്ഞിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ അനുബന്ധമായി പുതിയ ജില്ലാ കൗണ്‍സിലേക്ക് പോലും അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടില്ല. കീഴ്ഘടകം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ സംഘടനയില്‍ നിന്ന് പുറത്തായതിന് സമാനമാണ്. 2012ല്‍ തെരഞ്ഞെടുത്ത നിലവിലെ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ ഭാരവാഹിയോ പ്രവര്‍ത്തക സമിതി അംഗമോ പ്രവര്‍ത്തനത്തിലോ ഇല്ലാത്ത അബ്ദുല്ലക്കുഞ്ഞി നിരന്തരമായി സി.പി.എമ്മുമായി ചര്‍ച്ച നടത്തി വരികയായിരുന്നു. സി.പി.എമ്മില്‍ ചേരാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം ചില മാധ്യമങ്ങള്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും അനുയായികളും സി.പി.എമ്മിലേക്ക് എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. ഈ പ്രചാരണം ശരിയല്ല. മറുകണ്ടം ചാടാന്‍ തീരുമാനിച്ച വ്യക്തി ഇപ്പോള്‍ പറയുന്നത് മുസ്‌ലിം ലീഗ് ഫാസിസത്തിനെതിരെ ശബ്ദിക്കുന്നില്ലെന്നും സി.പി.എമ്മാണ് ന്യൂന പക്ഷത്തിന്റെ രക്ഷാ കവചമെന്നുമാണ്. ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഹരിയാനയില്‍ കൊലചെയ്യപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഹാഷിമും സുഹൃത്ത് അസ്ഹറുദ്ദീന്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ദേശീയ പ്രക്ഷോഭത്തിന് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെയും നേതാക്കളുടെ പ്രഖ്യാപനങ്ങളുടെയും വാര്‍ത്തകള്‍ അച്ചടിച്ച് വന്ന ദിവസം തന്നെയാണ് ജുനൈദിന്റ കൊലയില്‍ ലീഗ് പ്രതികരിച്ചില്ലെന്ന് കെ.കെയുടെ പ്രസ്താവനയും വരുന്നത്. അതുകൊണ്ട് തന്നെ അരിയാഹാരം കഴിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആരോപണത്തിന്റെ പൊള്ളത്തരം മനസിലാവും.
2009 നവംബര്‍ 15ന് ഷഫീഖ് എന്ന യൂത്ത് ലീഗുകാരനെ വെടിവെച്ച് കൊന്ന രാംദാസ് പോത്തന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് വിരുന്നൂട്ടിയെന്ന ആരോപണത്തിന് വിധേയനായ കെ.കെ ലീഗ് ജില്ലാ ജോ. സെക്രട്ടറിയായിരിക്കെ പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചെറുതല്ല. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പല പദവികള്‍ വഹിച്ച് അവസാനം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആശിച്ച സ്ഥാനം കിട്ടാതായ പോയപ്പോഴാണ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് കളംമാറിയത്. തന്നോടൊപ്പം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 250 ലീഗ് പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ സി.പി.എമ്മില്‍ ചേരാനിരിക്കുന്നവരുടെ പേരും പടവും കൂടി പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചിരിക്കുകയാണ്.

SHARE