സെവിയ്യയോട് തോറ്റു; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ലണ്ടന്‍: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പിച്ചതിന്റെ ആഘോഷം അടങ്ങുന്നതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി. സെവിയ്യയോട് തോറ്റ് മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ പിറന്ന രണ്ട് ഗോളുകളാണ് മാഞ്ചസ്റ്ററിന്റെ വിധി നിര്‍ണയിച്ചത്. മത്സരം 2-1ന് സെവിയ്യ ജയിച്ചു. സ്‌പെയ്‌നില്‍ നടന്ന ആദ്യപാദം ഗോള്‍രഹിതമായിരുന്നു.

74, 78 മിനിറ്റുകളില്‍ വിസാം ബെന്‍ യെഡറാണ് സെവിയ്യക്കായി ഗോളുകള്‍ നേടിയത്. കളിതീരാന്‍ ആറ് മിനിറ്റ് ശേഷിക്കെ റൊമേലു ലുക്കാക്കുവിലൂടെ മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും വിജയം അസാധ്യമായിരുന്നു. ഇനി സീസണില്‍ യുണൈറ്റഡിന്റെ കിരീടപ്രതീക്ഷയായി അവശേഷിക്കുന്നത് എഫ്.എ കപ്പ് മാത്രമാണ്.

SHARE