ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ സിറ്റി ബ്രൈറ്റണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി ജയത്തോടെ കിരീടം സ്വന്തമാക്കിയത്. സെര്‍ജിയോ അഗ്യൂറോ, അയ്‌മെറിക്ക് ലപ്പോര്‍ട്ടേ, റിയാദ് മെഹ്‌റസ്, ലാക്കേയ് ഗുണ്‍ഡഗോണ്‍ എന്നിവര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രൈറ്റണ് വേണ്ടി ഗെല്ലന്‍ മുറേയ് ആശ്വാസ ഗോള്‍ നേടി. ലിവര്‍പൂള്‍ അവസാന മത്സരത്തില്‍ വോള്‍വ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചെങ്കിലും ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം സിറ്റി സ്വന്തമാക്കി. ലിവര്‍പൂളിനായി സാഡിയോ മാനേയാണ് രണ്ട് ഗോളും നേടിയത്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കാര്‍ഡിഫ് സിറ്റിയും ബേണ്‍ലിയെ ആഴ്‌സനലും തോല്‍പിച്ചു. ചെല്‍സി – ലെസ്റ്റര്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.