മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റി

മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. ബെര്‍ണാഡോ സില്‍വ, ലിറോയ് സാനെ എന്നിവരാണ് സിറ്റിസ്‌ക്കുവേണ്ടി ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും പിറന്നത്.
മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇരു ടീമുകള്‍ക്കും പ്രീമിയര്‍ ലീഗില്‍ അവശേഷിക്കുന്നത്. 35 മത്സരങ്ങളില്‍ 89 പോയിന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 88 പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. 64 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.
മൗറീനോയെ പുറത്താക്കി സോല്‍സ്വാജറെ മാനേജറാക്കിയ ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടീമിന് വലിയ പ്രഹരമാണ് നേരിടേണ്ടി വന്നത്.
റെഡ് ഡെവിള്‍സ് കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ആറിലും തോല്‍വി രുചിക്കേണ്ടി വന്നു. ലീഗിലെ മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനോട് ആഴ്‌സണല്‍ തോല്‍വി വഴങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വോള്‍വ്‌സ് ആഴ്‌സനലിനെ തകര്‍ത്തത്. നെവെസ്, ദൊഹെര്‍ട്ടി, ജോട്ട എന്നിവരാണ് വോള്‍വ്‌സിനായി ലക്ഷ്യം കണ്ടത്. എണ്‍പതാം മിനുട്ടില്‍ സോക്രട്ടീസാണ് ആഴ്‌സണിലിന്റെ ആശ്വാസഗോള്‍ നേടിയത്.