റെക്കോര്‍ഡിന് തൊട്ടരികെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് ക്രിസ്റ്റല്‍ പാലസ് തടയിട്ടു. തുടര്‍ച്ചയായി 18 മത്സരങ്ങള്‍ ജയിച്ച സിറ്റി, ക്രിസ്റ്റല്‍ പാലസിന്റെ തട്ടകമായ സെല്‍ഹസ്റ്റ് പാര്‍ക്കില്‍ 0-0 സമനില വഴങ്ങുകയായിരുന്നു. 2017-18 സീസണില്‍ ഇതുവരെ തോറ്റിട്ടില്ലാത്ത സിറ്റി 21-ാം മത്സരത്തില്‍ തോല്‍വിയുടെ വക്കിലെത്തിയെങ്കിലും ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റലിന്റെ ലൂക്കാ മിലിവോയെവിച് പെനാല്‍ട്ടി പാഴാക്കിയത് ഭാഗ്യമായി.

യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ജയം (19) എന്ന ബയേണ്‍ മ്യൂണിക്കിന്റെ റെക്കോര്‍ഡിന് തൊട്ടരികില്‍ വെച്ചാണ് സിറ്റി സമനില വഴങ്ങിയത്. ഓഗസ്റ്റിനു ശേഷം ഇതാദ്യമായാണ് ഗ്വാര്‍ഡിയോളയുടെ സംഘം പ്രീമിയര്‍ ലീഗില്‍ ജയിക്കാതിരിക്കുന്നത്. 2016 മാര്‍ച്ചിനു ശേഷം ലീഗില്‍ സിറ്റിയുടെ ആദ്യ ഗോള്‍ രഹിത സമനില കൂടിയാണിത്.

21 മത്സരം പിന്നിട്ട ലീഗില്‍ 59 പോയിന്റോടെ സിറ്റി ഒന്നാം സ്ഥാനത്ത് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് 45 പോയിന്റേ ഉള്ളൂ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (44), ലിവര്‍പൂള്‍ (41), ആര്‍സനല്‍ (41) എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

18 ഗോളുമായി ടോട്ടനം ഹോട്‌സ്പറിന്റെ ഹാരി കെയ്ന്‍ ആണ് ലീഗിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍ – 17), റഹീം സ്റ്റര്‍ലിങ് (സിറ്റി 13), സെര്‍ജിയോ അഗ്വേറോ (സിറ്റി 12) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.