ഇന്ത്യന്‍ ക്ലബ്ബിനെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയിലെ ക്ലബ്ബിനെ വാങ്ങാനൊരുങ്ങുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലായി മാഞ്ചസ്റ്റര്‍ സിറ്റിയടക്കം ഏഴ് ക്ലബ്ബുകള്‍ സ്വന്തമായുള്ള സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് അടുത്ത സീസണോടെ തന്നെ ഇന്ത്യയിലും സാന്നിധ്യമറിയിക്കുമെന്നാണ് സൂചന.

ചൈനീസ് മൂന്നാം ഡിവിഷനിലെ സിച്ചുവാന്‍ ജ്യുനിയു ക്ലബ്ബിനെ ഏറ്റെടുത്തതിനു പിന്നാലെയാണ് സോറിയാനോ ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുവരാനുള്ള പദ്ധതികള്‍ വ്യക്തമാക്കിയത്: ‘ചൈനയില്‍ മാത്രമല്ല, ഫുട്‌ബോളിനോട് യഥാര്‍ത്ഥ ആവേശമുള്ള ഇന്ത്യ പോലുള്ള വിപണികളിലും രാജ്യങ്ങളിലും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഏഷ്യയില്‍ മറ്റ് അവസരങ്ങള്‍ കൂടി ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്.’ സോറിയാനോ പറഞ്ഞു. രണ്ടു വര്‍ഷത്തിലേറെയായി ഇന്ത്യയിലേക്ക് നോക്കുന്നുണ്ടെന്നും നിക്ഷേപം നടത്താനാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എസ്.എല്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ്.സിയുമായി മാഞ്ചസ്റ്റര്‍ സിറ്റി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ജംഷഡ്പൂരിനെതിരായ മുംബൈയുടെ മത്സരം കാണാന്‍ സിറ്റി അധികൃതര്‍ നേരിട്ടെത്തിയിരുന്നു. സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ അധീനതയിലുള്ള മെല്‍ബണ്‍ സിറഅറി താരമായ ആരോണ്‍ മൂയ് 2017-ല്‍ മുംബൈക്കു വേണ്ടി കളിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിക്കു പുറമെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റി, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി, ജപ്പാനിലെ യോകോഹാമ മറിനോസ് തുടങ്ങിയവയും സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളാണ്.