കേരളാ ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നില്‍ കത്തിയുമായി മലയാളി യുവാവ്‌

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസിനു മുന്നില്‍ സുരക്ഷക്ക് വെല്ലുവിളിയായി നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹിയിലെ കേരള ഹൗസില്‍ മലയാളി യുവാവ് കത്തിയുമായി എത്തിയത് പരിഭ്രാന്തിക്കിടയാക്കി.\

ആലപ്പുഴ സ്വദേശി വിമല്‍രാജാണ് കത്തിയുമായി കേരളഹൗസിലെത്തിയത്. കത്തി പിടിച്ചുവാങ്ങിയ സുരക്ഷാ സേന ഇയാളെ അറസ്റ്റു ചെയ്ത് നീക്കി. സുരക്ഷാ സേന സമയോചിതമായി ഇടപ്പെട്ടതിനാല്‍ ഇയാളെ തക്ക സമയത്ത് പിടികൂടാനായി. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു വിമല്‍രാജ് കത്തിയുമായി കേരളഹൗസിനു മുന്നിലെത്തിയത്.

മുഖ്യമന്ത്രിയുടെ മുറിക്കു മുന്നില്‍ വെച്ച് കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാള്‍ എന്തിനാണ് കത്തിയുമായി എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഇന്നു രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപ്പള്ളിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച കഴിഞ്ഞ് ഉമ്മന്‍ചാണ്ടി മടങ്ങിയതിനു പിന്നാലെയാണ് നാടകീയ സംഭവമുണ്ടായത്.

SHARE