എടത്വ: പാടത്തിലൂടെ ഒഴുകി വന്ന ബാഗ് തുറന്നപ്പോള്‍ വിജയന് കണ്ടത് 5 പവന് സ്വര്‍ണവും പണവും. മണിക്കൂറുകള്‍ക്കുള്ളില്‍ ബാഗ് ഉടമയുടെ പക്കലെത്തി. ആലപ്പുഴയില്‍ നിന്നാണ് ഈ നല്ല വാര്‍ത്ത. ക്ഷീര കര്‍ഷകനായ കറുത്തേരില്‍ വിജയനാണ് തനിക്ക് കിട്ടിയ ബാഗ് ഉടമയായ പാരിയില്‍ ബിനുവിന് തിരികെ നല്‍കിയത്.
തലവടി പാരേത്തോടിനു സമീപമുള്ള വീട്ടിലേക്ക് പാലു കൊടുക്കാന്‍ വെള്ളത്തിലൂടെ പോകുമ്പോഴാണ് ഒരു ബാഗ് ഒഴുകി പാടത്തേക്കു പോകുന്നതു വിജയന് കണ്ടത്. തിരികെ വരുമ്പോഴും ബാഗ് അവിടെയുണ്ട്.
വഴിയാത്രക്കാരില്‍ നിന്ന് നഷ്ടപ്പെട്ടത് ആകാം എന്നു കരുതി തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണവും രൂപയും. ബാഗില്‍ നിന്നു ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. വാര്‍ഡ് അംഗം അജിത് പിഷാരത്തിനെയും വിവരമറിയിച്ചു. തലവടി ആനപ്രമ്പാല്‍ നൈറ്റാരുപറമ്പില്‍ ബിനുവിന്റെ ബാഗ് ആണ് നഷ്ടപ്പെട്ടത്. ഭാര്യ സിനിയുമൊത്ത് തിരുവന്‍വണ്ടൂര്‍ പ്രയാറിലേക്ക് പോകുന്നതിനിടയാണ് ബാഗ് നഷ്ടപ്പെട്ടത്.
വീട്ടില്‍ വെള്ളം കയറുന്നതിനാല്‍ ഉള്ള സ്വര്‍ണം ബാഗില്‍ വച്ചു കൊണ്ടുപോകുകയായിരുന്നു. ബാഗ് എവിടെ നഷ്ടപ്പെട്ടു എന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് ഫോണ്‍വിളി എത്തിയത്. യാത്ര മതിയാക്കി തിരികെ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി.