ആന്ധ്രയില്‍ ജനമധ്യത്തിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

കടപ്പ: ആന്ധ്രയിലെ കടപ്പയില്‍ യുവാവിനെ നടുറോട്ടിലിട്ട് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. മാരുതി റെഡ്ഡിയെന്ന 32 കാരനെ ആളുകള്‍ നോക്കി നില്‍ക്കേയാണ് വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
കോടതിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ക്കെതിരെ അക്രമം നടന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമികള്‍, ഇയാളെ ഓട്ടോയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ വടിവാളുമായെത്തിയവര്‍ റെഡ്ഡിയെ തുടരെ വെട്ടുകയായിരുന്നു.
നടുറോട്ടിലിട്ട് യുവാവിനെതിരെ നടന്ന അക്രമം നോക്കിനിന്നെങ്കിലും ജനക്കൂട്ടത്തില്‍ നിന്ന് ആരും സഹായിക്കാനെത്തിയില്ല. സംഭവം ചിലര്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതായും സി,സി,ടി,വി ദൃശ്യങ്ങളിലുണ്ട്.
ഒരാള്‍ അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും മതിയായ പിന്തുണ ലഭിച്ചില്ല. സംഭവം നടന്ന് അക്രമികള്‍ പോയ ശേഷവും മൃതദേഹത്തിനരികിലേക്ക് ആരും വന്നില്ല. പലരും ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.
യുവാവിനെ കൊലപ്പെടുത്തിയവര്‍ ബന്ധുക്കളാണെന്നാണ് സൂചന. റെഡ്ഡിയുടെ സഹോദരിയുമായി അക്രമികളുടെ ബന്ധുവിനുള്ള അടുപ്പത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം അക്രമികള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

SHARE