ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ അഭ്യാസം; ഒടുവില്‍ തൂണില്‍ തലയിടിച്ച് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ട്രെയിനിന്റെ വാതില്‍ നിന്നും പുറത്തേക്ക് തലയിട്ട് വിഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോഴായിരുന്നു അപകടം. ദില്‍ഷാദ് നൗഷാദ് ഖാന്‍ എന്ന 24കാരനാണ് മരിച്ചത്

സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ ട്രെയിനിന്റെ ജനലിനോട് ചേര്‍ന്നിരുന്ന് സുഹൃത്താണ് റെക്കോര്‍ഡ് ചെയ്തത്. ട്രെയിനിന്റെ വാതിലില്‍ പിടിച്ച് പുറത്തേക്ക് ആഞ്ഞ് നിന്നായിരുന്നു യുവാവിന്റെ യാത്ര. പെട്ടെന്ന് ട്രാക്കിലെ തൂണിലിടിച്ച് ഇയാള്‍ ട്രെയിനുള്ളിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്ത് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ദില്‍ഷാദ്. റയില്‍വെ മന്ത്രാലയവും ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

SHARE