ദര്‍ഗയില്‍ നിന്ന് മടങ്ങുമ്പോള്‍ അവരെന്നെ വെടിവെച്ചിട്ടു

ദാവൂദ് മുഹമ്മദ്
മംഗളൂരു: ‘ഞാന്‍ സമരക്കാരനോ കുഴപ്പക്കാരനോ അല്ല.. ദര്‍ഗ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അവര്‍ വെടിവെച്ചിട്ടു. നിലത്ത് വീണ് ഇഴഞ്ഞ് നീങ്ങുമ്പോള്‍ ആരോ ആസ്പത്രിയില്‍ എത്തിച്ചു. അതു കൊണ്ട് രക്ഷപ്പെട്ടു. സമരക്കാര്‍ അക്രമം ഒന്നും നടത്തിയിരുന്നില്ല. പൊലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിവെക്കുകയായിരുന്നു’. ബന്തറില്‍ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കര്‍ണാടക ഷിമോഗയിലെ റിപ്പേണ്‍പേട്ട തീര്‍ത്തഹള്ളിയിലെ ഷഫീഖ് പ്രതികരിക്കുമ്പോള്‍ മുഖത്ത് ഭീതി വിട്ടൊഴിഞ്ഞിട്ടില്ല.
വൈകിട്ട് നാലരക്കു ശേഷമാണ് സംഭവം. ലാത്തിവീശുന്നത് കണ്ടതിനെതുടര്‍ന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വെടിവെച്ചു. എന്റെ മുന്നിലുള്ള മറ്റുള്ളവര്‍ക്കും വെടിയേല്‍ക്കുന്നത് കണ്ടിരുന്നു. 24ന് പരീക്ഷ നടക്കുന്നതിനാല്‍ ദര്‍ഗ സന്ദര്‍ശിക്കാനായിരുന്നു പോയത്. സമരത്തെ കുറിച്ച് അറിയുകയുമില്ല. ആളുകള്‍ കൂടി നില്‍ക്കുന്നതു കണ്ടപ്പോള്‍ അങ്ങോട്ട് നോക്കിയ ഉടനെയാണ് വെടിവെപ്പ് നടന്നതെന്ന് ശ്രീനിവാസ കോളജ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഷഫീഖ് പറഞ്ഞു. കാല്‍ മുട്ടിന് താഴെയാണ് വെടിയേറ്റത്. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം ഇന്നലെ യൂണിറ്റി ആസ്പത്രിയിലെ മുറിയിലേക്ക് മാറ്റി. ഇതിനു തൊട്ടടുത്ത മുറിയിലാണ് കയ്യിന് വെടിയേറ്റ ബന്തറിലെ ഇര്‍ഫാന്‍. ”യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് വെടിവെച്ചത്. മുന്‍മേയര്‍ അശ്‌റഫ്ച്ച സിറ്റി പൊലീസ് കമ്മീഷണറോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലാത്തിവീശിയത്. ഇതിനിടെ മാറി നില്‍ക്കുമ്പോഴാണ് വെടിയേറ്റത്. അപ്പോള്‍ തന്നെ നിലത്തു വീണു. ഓടാന്‍ ശ്രമിക്കുന്നതിനിടെ ഫോണ്‍ വരികയും പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് കോള്‍ അറ്റന്റ് ചെയ്യുമ്പോഴാണ് വെടിയേറ്റത്. ചോരയൊലിക്കുന്ന കയ്യുമായി ഓടുകയായിരുന്നു. പിന്നീട് ഉള്ളാള്‍ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ച ശേഷമാണ് ഇങ്ങോട്ടുമാറ്റിയത്. അശ്‌റഫ്ച്ചാന്റെ അവസ്ഥയെ കുറിച്ചാണ് ഇപ്പോള്‍ ആശങ്ക. സമാധാന പരമായി പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് വെടിവെപ്പുണ്ടായത്. ലാത്തീവിശിയപ്പോള്‍ തന്നെ എല്ലാവരും മാറിപ്പോയിരുന്നു. പിന്നെയെന്തിനാണവര്‍ വെടിവെച്ചത്. ഭീകരമായിരുന്നു സാഹചര്യം. മംഗലാപുരത്തെ എല്ലാവര്‍ക്കുമറിയുന്ന അശ്രഫ്ച്ചയെ തന്നെയാണ് അവര്‍ വെടിവെച്ചിട്ടത്. അദ്ദേഹത്തിന്റെ തലക്കാണ് ബുള്ളറ്റ് കൊണ്ടത്.” ഇര്‍ഫാന്‍ പറഞ്ഞു.
ഇര്‍ഫാന്‍ ഇന്നലെ വൈകിട്ടോടെ ആസ്പത്രി വിട്ടു. വെടിവെപ്പില്‍ പരിക്കേറ്റ അഞ്ചുപേരില്‍ നാലുപേരുടെ നിലമെച്ചപ്പെട്ടു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍മേയര്‍ അശ്രഫിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം ശാസ്ത്രക്രിയയിലൂടെ ബുള്ളറ്റ് നീക്കിയിരുന്നു. നില നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും വീണ്ടും വഷളായതായാണ് സൂചന. ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസ് ആസ്പത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SHARE