ഒടിഞ്ഞ കാല്‍ എണ്ണയിട്ട് തിരുമ്മി; യുവാവ് മരിച്ചു

ന്യൂഡല്‍ഹി: ഒടിഞ്ഞ കാല്‍ തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. 23കാരനായ മകന്റെ ഒടിഞ്ഞ കാലിലെ മാറാത്ത വേദനയകറ്റാന്‍ അമ്മ എണ്ണയിട്ട് തിരുമ്മിയതാണ് ദാരുണാപകടത്തിലേക്ക് എത്തിച്ചത്. പരിക്കേറ്റ കാല്‍ കെട്ടിയതിനെ തുടര്‍ന്നു അവിടെയുള്ള ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണ കാരണമായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

മസാജ് ചെയ്ത ഉടന്‍ തന്നെ യുവാവിന്റെ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ എയിംസ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തില്‍ നിന്നും രക്ഷികാനായില്ല.
ഒടിവും ചടവും മൂലം പ്ലാസ്റ്റര്‍ ഇടുന്ന ആളുകളില്‍ ഞരമ്പുകളില്‍ രക്തക്കട്ടപിടിക്കുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് മസാജിനെ തുടര്‍ന്ന് ഡല്‍ഹി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ മരിച്ചത്. ഇതു സംബന്ധിച്ച വിവരം മെഡിക്കോ-ലീഗല്‍ ജേണലല്‍ പുതിയ ലക്കമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

2016 സപ്തംബറില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവിന്റെ കണങ്കാലില്‍ പരിക്കേറ്റത്. തുടര്‍ന്ന് കാലില്‍ പ്ലാസ്റ്റര്‍ ഇടുകയും എന്നാല്‍ പ്ലാസ്റ്റര്‍ ഒഴിവാക്കിയ ശേഷവും വേദന തുടര്‍ന്നതോടെ അമ്മ കാലില്‍ എണ്ണയിട്ട് തിരുമ്മുകയുമായിരുന്നു. തിരുമ്മലിനെ തുടര്‍ന്ന് കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

SHARE