മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചെവിവേദനക്കു ചികിത്സക്കെത്തിയ യുവാവ് മരിച്ചു

മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചെവിവേദനക്കു ചികിത്സ തേടിയെത്തിയ യുവാവ് മരിച്ചു. ആസ്പത്രി അധികൃതരുടെ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും, നാട്ടുകാരും രംഗത്തുവന്നു. ഇരുമ്പുഴി സ്വദേശി പാലത്തിങ്ങല്‍ വേലായുധന്റെ മകന്‍ പ്രകാശന്‍(39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് പ്രകാശന്‍ ഭാര്യക്കൊപ്പം ബൈക്കില്‍ ആസ്്പത്രിയിലെത്തിയത്. ആസ്പത്രിയില്‍ അഡ്മിറ്റാക്കിയ ശേഷം 12നും, 3.30നും ഇഞ്ചക്ഷന്‍ നല്‍കി. വേദനയെ തുടര്‍ന്ന് പിന്നീട് വാര്‍ഡിലേക്ക് മാറ്റി. രാത്രി 7.18ന് മൂന്നാമത്തെ ഇഞ്ചക്ഷനും നല്‍കി. ഇതോടെയാണ് പ്രകാശന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ആസ്പത്രി അധികൃതരില്‍ നിന്നുണ്ടായ വീഴ്ചയാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മരണസമയത്ത് പ്രകാശനൊപ്പം ഭാര്യ സൗമ്യ മാത്രമാണ് ആസ്പത്രിയിലുണ്ടായിരുന്നത്. മരിച്ചതിന് ശേഷം മൃതദേഹം ബെഡില്‍ ചെരിച്ച് കിടത്തിയതായും ആക്ഷേപമുയര്‍ന്നു. സൗമ്യ നിലവിളിച്ചതോടെ ആസ്പത്രിയിലെ സന്നദ്ധ പ്രവര്‍ത്തകരാണ് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത്.ഇതോടെ വെള്ളിയാഴ്ച രാത്രി നാട്ടുകാരും ബന്ധുക്കളും ആസ്പത്രിയിലെത്തി ബഹളം വെച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ബന്ധുക്കളുടെ പരാതിയില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

മരണത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്ന നിലപാടാണ് ആസ്പത്രി അധികൃതര്‍ സ്വികരിച്ചതെന്ന് ബന്ധുക്കള പറഞ്ഞു. ഇത് കനത്ത പ്രതിഷേധത്തിനിയാക്കി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ട്ം ചെയ്താല്‍ ആസ്പത്രി അധികൃതരുടെ വീഴ്ചകള്‍ മറച്ചുവെക്കുമെന്നും, പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതെ തുടര്‍ന്ന് ഇന്നലെ രാവിലെ 9.15ന് മഞ്ചേരിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സൗമ്യമാണ് മരിച്ച പ്രകാശന്റെ ഭാര്യ. മാതാവ്: കല്യാണി.സഹോദരങ്ങള്‍: വിശ്വന്‍, രാജു.

SHARE