ദിലീപിന്റെ അറസ്റ്റ്: രൂക്ഷമായി പ്രതികരിച്ച് നടി മംമ്ത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി മംമ്ത മോഹന്‍ദാസ്. ദിലീപിന്റെ അറസ്റ്റ് മലയാള സിനിമക്ക് നാണക്കേടുണ്ടാക്കിയെന്ന് മംമ്ത പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് താരം സംഭവത്തില്‍ പ്രതികരിച്ചത്. നാലു ചുമരുകള്‍ക്കുള്ളില്‍ സംസാരിച്ച് തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങളാണ് ആക്രമണങ്ങളിലേക്ക് എത്തിയത്. ഇത്തരം സംഭവങ്ങള്‍ മലയാള സിനിമക്ക് ദോഷം ചെയ്യുമെന്നും താരം പറഞ്ഞു. നടിമാരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെക്കുറിച്ചും മംമ്ത പ്രതികരിച്ചു. സംഘടന ആരംഭിച്ചവര്‍ അത് ആവശ്യമുണ്ടെന്ന് തോന്നിയവരാണ്. താന്‍ അതില്‍ അംഗമല്ലെന്നും മംമ്ത പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മംമ്ത പരസ്യ പ്രതികരണം നടത്തുന്നത്.