മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു: മമത ബാനര്‍ജി

കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്ത്യാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ബി.ജെ.പിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 20ലധികം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷമായ കടന്നാക്രമണമാണ് റാലിയില്‍ മമതാ ബാനര്‍ജി നടത്തിയത്. മോദി സര്‍ക്കാറിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നും ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും അവര്‍ പറഞ്ഞു. രഥയാത്രയുടെ പേരില്‍ സംഘര്‍ഷം പടര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ല. മരുന്നുകള്‍ക്ക് എക്‌സ്‌പെയറി ഡേറ്റുണ്ട്. നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അവ ഉപയോഗിക്കാന്‍ പാടില്ല. വലിച്ചെറിയണം. ബി.ജെ.പിയുടെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരെ രാജ്യഭരണത്തില്‍നിന്ന് വലിച്ചെറിയേണ്ട സമയമായെന്നും മമത പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് അടിത്തറ പാകുന്നതായിരുന്നു യുണൈറ്റഡ് ഇന്ത്യാ റാലി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലിക്ക് അഭിവാദ്യം നേര്‍ന്ന് നേരത്തെ മമതാ ബാനര്‍ജിക്ക് സന്ദേശം അയച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുന്നതാവട്ടെ റാലി എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കൊപ്പം ബി.ജെ.പിയിലെ മോദി വിരുദ്ധ ചേരിയിലെ നേതാക്കളായ യശ്വന്ത് സിന്‍ഹ ഉള്‍പ്പെടെയുള്ളവരും വേദിയിലെത്തി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ബി.ജെ.പി വിമത നേതാക്കളുംമുന്‍ കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, ശത്രുഘ്‌നന്‍ സിന്‍ഹ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, കശ്മീര്‍ പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദുല്ല, സമാജ്് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, അരുണാചല്‍ മുന്‍ മുഖ്യമന്ത്രി ഗെഗോങ് അപാങ്, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, അഭിഷേക് മനു സിങ്‌വി, ഡി.എം. കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ റാലിയില്‍ സംസാരിച്ചു.