മൂന്നു ദിവസത്തിനകം നോട്ട് തീരുമാനം പിന്‍വലിച്ചെങ്കില്‍ ബഹുജന പ്രക്ഷോഭം: മമത, കേജ്രിവാള്‍

ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ഡിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെയാണ് കനത്ത പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന സൂചന ഇരുവരും നല്‍കിയത്.

‘ഈ തീരുമാനം മൂന്നു ദിവസത്തിനകം പിന്‍വലിക്കുക. ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. ഇല്ലെങ്കില്‍ ജനങ്ങള്‍ നയിക്കുന്ന കലാപമുണ്ടാകും.’ കേജ്രിവാള്‍ പറഞ്ഞു. 1947-നു ശേഷം രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമാണ് നോട്ട് പിന്‍വലിക്കല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ സമരമുറകളെ നേരിടേണ്ടി വരുമെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ രഹസ്യവോട്ട് നടത്തിയാല്‍ ബി.ജെ.പിയില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നു പോലും നരേന്ദ്ര മോദിക്ക് വോട്ട് കിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞു.

‘പ്രധാനമന്ത്രി ഭരണഘടനാ നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. നോട്ട് പിന്‍വലിക്കുന്നതിനു മുമ്പ് കൃത്യമായ പദ്ധതി തയാറാക്കാതിരുന്നത് എന്തുകൊണ്ടാണ്? സാധാരണക്കാരാണ് ഇതുകൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഞങ്ങള്‍ മൂന്നു ദിവസം നല്‍കുകയാണ്. അതിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചില്ലെങ്കില്‍ നിങ്ങളെ വെറുതെ വിടുകയില്ല.’ മമത പറഞ്ഞു.

ഇരുനേതാക്കളും ഒരുമിച്ച് റിസര്‍വ് ബാങ്ക് ആസ്ഥാനം സന്ദര്‍ശിക്കുകയും പുതിയ നോട്ടുകളുടെ അച്ചടിയിലെ പുരോഗതി ആരായുകയും ചെയ്തു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയുമായി പ്രതിഷേധ പരിപാടിയില്‍ സഹകരിക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെയും തൃണമൂലിന്റെയും തീരുമാനം.

നോട്ട് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയോട് സംസാരിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. നിലവിലെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പ്രശ്‌നം പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വേണമെന്ന ആവശ്യവും ജെയ്റ്റ്‌ലി തള്ളി.

SHARE