ദീപം തെളിയിക്കല്‍; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടിയുടെ വീഡിയോ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്കിലിട്ട വീഡിയോയിലൂടെയാണ് മമ്മൂട്ടിയുടെ ആഹ്വാനം. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. തുടര്‍ന്നാണ് മമ്മുട്ടി പിന്തുണയുമായി രംഗത്തെത്തിയത്.

കോവിഡെന്ന മഹാ വിപത്തിനെതിരെ നമ്മുടെ നാട് ഒറ്റെക്കെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എല്ലാ പിന്തുണകളും ആശംസകളും നേരുന്നതായി അദ്ദേഹം വീഡിയോയില്‍ പറയുന്നു.

ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഇതിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നു വരുന്നത്.

SHARE