ക്രിസ്മസിനും താരയുദ്ധം ഒരുങ്ങുന്നു

കോഴിക്കോട്: തോപ്പില്‍ ജോപ്പനും പുലിമുരുകനും പിന്നാലെ ക്രിസ്മസിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്. നവാഗതനായ അനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെത്. ഇത് ക്രിസ്മസിനാണ് റിലീസ് എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനുള്ളത്. ഇത് നവംബറിലാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പുലിമുരുകന്റെ മഹാവിജയവും പ്രിയദര്‍ശന്‍ ചിത്രം ഒപ്പവും തിയേറ്ററുകളില്‍ ആളെക്കൂട്ടുമ്പോള്‍ ജിബു ജേക്കബ് ചിത്രം ഡിസംബറിലേക്ക് മാറ്റിയേക്കും.

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ്‌ സിനിമാസാണ് ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത് എന്നത് ചിത്രത്തിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷമൊരുക്കുന്ന ചിത്രമായതിനാല്‍ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിനും പ്രതീക്ഷയേറുന്നു. അനൂപ് മേനോന്‍, മീന, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷമാണ് ഇരു സൂപ്പര്‍ സ്റ്റാറുകളുടെയും ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഒരുമിച്ചെത്തിയത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് പുലിമുരുകന്റെ പ്രയാണം. തോപ്പില്‍ ജോപ്പനും പിന്നാലെയുണ്ട്. ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

SHARE