‘പ്രതാപന്‍ ഉജ്ജ്വല മാതൃക’; പ്രശംസ ചൊരിഞ്ഞ് മമ്മൂട്ടി

തൃശൂര്‍: ടി.എന്‍ പ്രതാപന്‍ കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉജ്വല മാതൃകയുമാണെന്ന് നടന്‍ മമ്മൂട്ടി. തൃശൂര്‍ ലോക്‌സഭാ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.

നന്‍മ നിറഞ്ഞ മനസ്സിനുടമയായ പ്രതാപന്‍ തീര്‍ത്തും സെക്കുലര്‍ ആണ്. അതിനാല്‍ തന്നെ പ്രതാപന്‍ തന്റെ ആത്മ സുഹൃത്താണ്. വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ്. പ്രതാപന്‍ ജയിക്കണം.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. യു ഡി എഫ് നേതാക്കളായ സി.എ മുഹമ്മദ് റഷീദ്, എ.പ്രസാദ്, രവി താണിക്കല്‍, വിജയ് ഹരി എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞതവണ നഷ്ടപ്പെട്ട തൃശ്ശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ജനകീയനായ പ്രതാപനെ രംഗത്തിറക്കിയത്. കെ.എസ്.യുവിലൂടെ രാഷ്ടീയത്തില്‍ പ്രവേശിച്ച അദ്ദേഹം നിലവില്‍ ഫിഷറീസ് കടാശ്വാസ കമ്മീഷന്‍ അംഗവും മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ചെയര്‍മാനും തൃശ്ശൂര്‍ ഡിസിസി അധ്യക്ഷനുമാണ്. 2001ലും 2006ലും നാട്ടികയില്‍ നിന്നും 2011 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.