മുഖ്യമന്ത്രി പദം രാജി വെക്കാനൊരുങ്ങി മമത

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല. പാര്‍ട്ടിയുടെ അധ്യക്ഷനായി തുടരാം എന്നാണ് മമത പാര്‍ട്ടി വക്താക്കളെ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും മമത അറിയിച്ചു.

അധികാരവും സ്ഥാനവും താന്‍ ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല. അതിനാല്‍ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഞാന്‍ പാര്‍ട്ടിയെ അറിയിച്ചു. പക്ഷെ പാര്‍ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

അതേസമയം പണവും അധികാരവും ദുരുപയോഗം ചെയ്താണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും ഇതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മമത അറിയിച്ചു. വിജയത്തില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനിടയില്‍ രാജ്യത്തുടനീളം വ്യാപകമായി പണം ഒഴുകി. പലരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്് അനധികൃതമായി പണം എത്തിയിട്ടുണ്ട്. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി കൂട്ടു പിടിച്ചെന്നും മമത ആരോപിക്കുന്നു.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയിക്കാനായത്. 2014 ല്‍ 34 സീറ്റുകളില്‍ വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും മോദി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവര്‍ത്തിക്കാനായില്ല. 2014 ല്‍ രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകള്‍ നേടിയാണ് ബംഗാളില്‍ കരുത്ത് കാട്ടിയത്.