ബംഗാളില്‍ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ മമതയുടെ നിര്‍ദേശം

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. പൗരത്വനിയമത്തിനെതിരെ ബംഗാളില്‍ വന്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മമതയുടെ നിര്‍ണായക ഉത്തരവ്.

സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും മുന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും ഉത്തരവിന്റെ കോപ്പി അയച്ചിട്ടുണ്ട്.

മമത ബാനര്‍ജി നേരിട്ടിറങ്ങിയാണ് ബംഗാളില്‍ പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നത്. താന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ബംഗാളില്‍ പൗരത്വനിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം മമത വ്യക്തമാക്കിയിരുന്നു. ‘തന്റെ സര്‍ക്കാറിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ പിരിച്ചുവിടാം. എന്നാലും തങ്ങള്‍ കീഴടങ്ങില്ല’-മമത വ്യക്തമാക്കി.

SHARE