കൊല്‍ക്കത്ത: നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഫാസിസ്റ്റുകളുടെ വലിയ നേതാവാണ് മോദിയെന്നും മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് മോദി വോട്ടുണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. മോദിയുടെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന പങ്കാണ് വഹിക്കുന്നതെന്നും സിലുഗുരിയില്‍ നടന്ന പാര്‍ട്ടി റാലിയില്‍ മമത പറഞ്ഞു. രാമനവമി റാലിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് ബി.ജെ.പിയുടെ നീക്കം.
ഞാന്‍ ദുര്‍ഗ പൂജയും സരസ്വതി പൂജയും തടഞ്ഞെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്നു. ഒരുമന്ത്രമെങ്കിലും തെറ്റാതെ ഉരുവിടാന്‍ ഇവര്‍ക്ക് കഴിയുമോ ?. പല ഭരണഘടനാ സ്ഥാപനങ്ങളെയും ബി.ജെ.പി നിയന്ത്രണത്തിലാക്കികഴിഞ്ഞു. ഇതുവഴി ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനാണ് അവരുടെ ശ്രമം.
വെറുപ്പും അക്രമവും മാത്രമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. രാജ്യത്ത് ദലിതുകളും ന്യൂനപക്ഷങ്ങളും അരക്ഷിതരാണ്. മോദി ഭരണത്തില്‍ അവര്‍ പലവിധേനയും പീഡിപ്പിക്കപ്പെട്ടു. ഇതിനെല്ലാം തിരിച്ചടിയായി മോദിയുടെ പരാജയം വോട്ടിലൂടെ ഉറപ്പുവരുത്തണം. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ഒഴികെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നാണ് അമിത് ഷായുടെ ഭീഷണി. എന്നാല്‍ ബംഗാളില്‍ ഇത്തരത്തിലുള്ള ഒരു വര്‍ഗീയ നീക്കവും അനുവദിക്കില്ല. പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ടെന്നും മമത മുന്നറിയിപ്പ് നല്കി. ബംഗാളില്‍ സി.പി.എം ഒരു സീറ്റില്‍ പോലും ജയിക്കില്ല. പലയിടത്തും ബി.ജെ.പി-സി.പി.എം സഹകരണം നിലനില്‍ക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് ജനം തിരിച്ചറിഞ്ഞതാണ്. സി.പി.എമ്മിനും കോണ്‍ഗ്രസിനും വോട്ട് നല്കി അത് പാഴാക്കരുത്. തന്റെ ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടക്കുന്നതായും മമത ആരോപിച്ചു.