ബംഗാളില്‍ മമത-ഗവര്‍ണ്ണര്‍ പോര് മുറുകുന്നു; ഗവര്‍ണ്ണറെ നിയമസഭാ മന്ദിരത്തിലേക്ക് കയറ്റാതെ ഗേറ്റ് പൂട്ടിയിട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള പോര് മുറുകുന്നു. നിയമസഭാ മന്ദിരം സന്ദര്‍ശിക്കാനെത്തിയ ഗവര്‍ണ്ണര്‍ക്കുമുന്നില്‍ നിയമസഭയുടെ ഗേറ്റ് പൂട്ടിയിട്ടതായിരുന്നു മമതയുടെ മറുപടി. നേരത്തെ അറിയിച്ചിട്ടുപോലും നിയമസഭാ മന്ദിരത്തിന്റെ വിഐപികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗേറ്റ് പൂട്ടിയിടുകയായിരുന്നുവെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

‘പ്രോട്ടോകോള്‍ പ്രകാരം ഗേറ്റ് നമ്പര്‍ മൂന്നിലൂടെയായിരുന്നു എനിക്ക് കയറേണ്ടിയിരുന്നത്. എന്നാല്‍ അത് പൂട്ടിക്കിടക്കുകയായിരുന്നു. എന്തിനാണ് അത് പൂട്ടിയിട്ടത്? അസംബ്ലി മാറ്റിവെച്ചു എന്നതിന്റെ അര്‍ത്ഥം ഗേറ്റ് പൂട്ടിയിടണം എന്നല്ലല്ലോ. ഇത് അങ്ങേയറ്റം നാണംകെട്ട നടപടിയാണ്. ജനാധിപത്യത്തിന് ഇങ്ങനെ മുന്നോട്ട് പോവാന്‍ സാധിക്കില്ല’ധന്‍കര്‍ പറഞ്ഞു. നിമയസഭാ സ്പീക്കര്‍ തന്നെ ഇന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. അവസാന നിമിഷം അത് റദ്ദാക്കി. ഇത് അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗവര്‍ണ്ണര്‍ ബി.ജെ.പി വക്താവിനെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. സര്‍ക്കാരും ധന്‍കറും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

SHARE