പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം: നേരിട്ടെത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍; സൗകര്യപ്പെടില്ലെന്ന് മമത

കൊല്‍ക്കത്ത: പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും കൊമ്പുകോര്‍ക്കുന്നു. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ടെത്തി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാത്തതിനാലാണ് മുഖ്യമന്ത്രിയോടെ നേരിട്ടെത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൗരത്വനിയമത്തിനെതിരെ തെരുവിലിറങ്ങി പ്രക്ഷോഭം നയിക്കുന്ന മമത ഗവര്‍ണര്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കലല്ല തന്റെ ഗവണ്‍മെന്റിന്റെ സുപ്രധാന പണിയെന്നും സംസ്ഥാനത്ത് സമാധാനപാലനത്തിന് താങ്കള്‍ ഞങ്ങളോടൊപ്പം സഹകരിക്കൂ എന്നുമായിരുന്നു മമതയുടെ മറുപടി. ‘രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ താങ്കള്‍ കാണുന്നില്ലേ? സമാധാനവും ജനങ്ങള്‍ക്കിടയില്‍ ഐക്യവും ഉറപ്പിക്കാന്‍ പണിയെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ മെഷിനറികളെ പിന്തുണക്കുകയാണ് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയെന്നാണ് എന്റെ അഭിപ്രായം. അല്ലാതെ, സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശാന്തത തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് വളം നല്‍കലല്ല’-മമത പറഞ്ഞു.

ഇന്നലെ കൊല്‍കത്തയിലെ റെഡ് റോഡില്‍നിന്ന് മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ വീടായ ജോറസാങ്കോ താകുര്‍ ബാരിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നയിച്ച മമത, തന്റെ മൃതശരീരത്തില്‍ ചവിട്ടി മാത്രമേ പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്രത്തിന് കഴിയൂവെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സംസ്ഥാനത്ത് സി.എ.എയും എന്‍.ആര്‍.സിയും നടപ്പാക്കില്ല. നിങ്ങള്‍ക്ക് എന്റെ ഗവണ്‍മെന്റിനെ പിരിച്ചുവിടുകയോ എന്നെ തുറുങ്കിലടക്കുകയോ ചെയ്യാം. നിയമം റദ്ദുചെയ്യുന്നതുവരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം തുടര്‍ന്നുകൊണ്ടേയിരിക്കും-മമത വ്യക്തമാക്കി.

അമത് ഷായുടേയും മോദിയുടേയും വിശ്വസ്തനാണ് ആര്‍.എസ്.എസ് നേതാവായിരുന്നു ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. തങ്ങളുടെ വരുതിയിലൊതുങ്ങാത്ത മമതയെ നിലക്കുനിര്‍ത്താനാണ് അദ്ദേഹത്തെ ബംഗാളിലേക്ക് ഗവര്‍ണറായി നിയോഗിച്ചത്. എന്നാല്‍ അദ്ദേഹത്തിന് തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്ന ഉറച്ച നിലപാടിലാണ് മമത.

SHARE