കൊല്‍ക്കത്ത: രാജ്യത്ത് എന്‍.ആര്‍.സി (നാഷണല്‍ സര്‍വ്വേ ഓഫ് സിറ്റിസണ്‍സ്) നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മമത തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വോട്ട്ബാങ്ക് ആയതിനാല്‍ ടി.എം.സി ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്‍.ആര്‍.സി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.സംസ്ഥാന സര്‍ക്കാര്‍ ഭൂമിയിലുള്ള 94 അഭയാര്‍ഥി കോളനികള്‍ നേരത്തെ ക്രമീകരിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിരവധി അഭയാര്‍ഥി കോളനികളുമുണ്ട്. ഈ അഭയാര്‍ഥി കോളനികളെ ക്രമീകരിക്കാനും അവര്‍ക്ക് ഭൂമി കൈവശം വക്കാനുമുള്ള ആവശ്യം അവര്‍ നേരത്തെ തന്നെ ഉയര്‍ത്തിയതാണ്. എന്നാല്‍ ഇവര്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മമതാ ബാനര്‍ജി അറിയിച്ചു.