ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ആളാണ്, താങ്കള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതും; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത


പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗവര്‍ണര്‍ക്ക് കത്തയച്ചു. അഞ്ച് പേജുള്ള കത്തില്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട് സര്‍ക്കാരിനെ നയിക്കുന്ന ആളാണ് എന്നും താങ്കള്‍ നാമനിര്‍ദേശിക്കപ്പെട്ട ആളാണെന്നും മമത ഗവര്‍ണറെ ഓര്‍മിപ്പിച്ചു.

മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കല്‍, പതിവായി പത്രസമ്മേളനങ്ങള്‍ നടത്തല്‍ എന്നീ ഗവര്‍ണറുടെ ചെയ്തികളില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. നിങ്ങള്‍ ഭരണകാര്യങ്ങളില്‍ ആവര്‍ത്തിച്ച് കൈകടത്തുന്നു. മര്യാദയും ഭരണഘടനാ അതിരുകളും ഗവര്‍ണര്‍ കടന്നിരിക്കുകയാണെന്ന് മമത കത്തില്‍ പറയുന്നു. അതേ സമയം ഗവര്‍ണര്‍ കത്തിന് മറുപടി പരസ്യമായി പറഞ്ഞിട്ടില്ല.

കൊവിഡുമായി ബന്ധപ്പെട്ടെത്തിയ കേന്ദ്ര സംഘങ്ങളെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കല്ലെറിഞ്ഞുവെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതാണ് മമതയെ ചൊടിപ്പിച്ചത്. ഗവര്‍ണറുടെ കത്തുകളുടേയും സന്ദേശങ്ങളുടേയും സ്വരവും ഭാഷയും പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്, കൂടാതെ അവ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപമാനിക്കുന്നുവെന്ന് അഞ്ച് പേജുള്ള കത്തില്‍ മമത വിശദമാക്കി. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് ഭരണഘടനയിലുള്ള കാര്യങ്ങളും കത്തിലുണ്ട്. ആരാണ് ഭരണഘടനയെ കീറിമുറിക്കുന്നതെന്ന് ഇന്ത്യയിലേയും ബംഗാളിലേയും ജനങ്ങള്‍ അറിയട്ടെയെന്ന് മമത.

SHARE