കോവിഡ് കാലത്തും പോരുമായി മമതയും കേന്ദ്രവും; പ്രശാന്ത് കിഷോറിനെ ഇറക്കി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് കനക്കുന്നു. കോവിഡ് നിയന്ത്രിക്കാനെത്തിയ കേന്ദ്രസംഘത്തെ മമത വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് നേരത്തെ ഗവര്‍ണ്ണര്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡുമായി ബന്ധപ്പെട്ടെത്തിയ രണ്ട് കേന്ദ്രസംഘങ്ങളെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കല്ലെറിഞ്ഞുവെന്ന ഗവര്‍ണ്ണറുടെ പരാമര്‍ശവും മമതയെ പ്രകോപിപ്പിച്ചു. താന്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും താങ്കള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണെന്ന് മറക്കേണ്ട എന്നുമാണ് ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍ഖറെ മമത ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മമത ഗവര്‍ണ്ണര്‍ക്ക് കത്തയക്കുകയും ചെയ്തു. ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളും തന്റെ കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഗവര്‍ണ്ണര്‍ പതിവായി പത്രസമ്മേളനങ്ങള്‍ നടത്തുന്നതും മമതയെ അസ്വസ്ഥയാക്കുന്നുണ്ട്.

പശ്ചിമബംഗാളിലെ ചില പ്രദേശങ്ങള്‍ കോവിഡ് തീവ്രത കൂടിയ മേഖലകളായി തരംതിരിക്കപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ബംഗാള്‍ സര്‍ക്കാര്‍ പരാജയമാണെന്ന കേന്ദ്രത്തിന്റെ പ്രചരണത്തില്‍ മമത അസ്വസ്ഥയാണ്. ഇതെത്തുടര്‍ന്ന് അതിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ പോള്‍ സ്ട്രാറ്റജിസ്റ്റ് ആയ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏത് വിധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രചരണങ്ങളെ പ്രതിരോധിക്കണമെന്ന് കണ്ടെത്തലാണ് പ്രശാന്ത് കിഷോറിന്റെ കര്‍ത്തവ്യം. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.

ബംഗാളിലെ കൊറോണ വ്യാപനത്തിന് പിറകില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്ലായ്മയാണെന്ന വിധത്തിലാണ് ബി.ജെ.പിയുടെ പ്രചരണം. മുസ്ലീം ജനവാസ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ചട്ടങ്ങളില്‍ മമത ഇളവ് വരുത്തിയെന്നും തഗ് ലീബ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാതിരുന്നുവെന്നും ആരോപണമുണ്ട്. മതിയായ സുരക്ഷയില്ലാതെയാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്ന പ്രചരണവുമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയതും മമതയ്ക്ക് തലവേദനയായി. രോഗിയുടെ മരണസര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥ മരണകാരണം എഴുതാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും തങ്ങളുടെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനെ പ്രതിരോധിക്കാനായി കോവിഡ് 19നെക്കുറിച്ചും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങളിലെത്തിക്കുന്നതിനായി ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.