എന്‍.ആര്‍.സി; മമത ബംഗാളില്‍ ബി.ജെപിയെ നേരിടുന്നവിധം

കൊല്‍ക്കത്ത: രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിനു ശേഷവും ബംഗാളില്‍ അനുവദിക്കില്ലെന്ന വാദവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം പശ്ചിമ ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്നായിരുന്നു മമത കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ 2024നുള്ളില്‍ രാജ്യമെമ്പാടും എന്‍ആര്‍സി നടപ്പിലാക്കുമെന്ന് അമിത്ഷായും വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജൂണ്‍ മുതല്‍ തന്നെ എന്‍ആര്‍സിയെ ശക്തമായി എതിര്‍ത്ത മുഖ്യമന്ത്രിയാണ് മമതാ ബാനര്‍ജി. ന്യൂനപക്ഷത്തെ അവഗണിക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് ഒരിക്കലും അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് മമത മുമ്പ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെ, ശക്തമായി പൗരത്വ രജിസ്റ്ററിനെ എതിര്‍ത്ത് രംഗത്തെത്തുമ്പോഴും മമത നയപരമായ തീരുമാനങ്ങള്‍ കൂടി കൈക്കൊള്ളുന്നുണ്ട്. ആദ്യമായി ന്യൂനപക്ഷ വോട്ടുകളെ കൂടെ നിര്‍ത്താനുള്ളതായിരുന്നു മമതയുടെ ശ്രമം. എന്നാല്‍ ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് പോകുമോ എന്നും ഭയപ്പെട്ടിരുന്നു. അങ്ങനെയാണ് അഭയാര്‍ഥി കോളനികള്‍ക്കുള്ള ഭൂമി ക്രമീകരണം, പൗരന്‍മാരുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുതലായവ ഈ അടുത്തിടെ മമത കൈക്കൊള്ളുന്നത്. പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തു പോകുമോ എന്ന ആശങ്കകളെ അകറ്റി ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികളാണ് മമതയുടേത്.

ഒരു തരത്തില്‍ എന്‍ആര്‍സിയെ എതിര്‍ക്കുക, മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ഉയര്‍ത്തുക എന്നിവയും ഇതിലൂടെ മമത ലക്ഷ്യമിടുന്നു. ആസാമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയതിനു ശേഷം ന്യൂനപക്ഷങ്ങള്‍ നേരിട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മമത നടത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖരഗ്പൂര്‍ (ഈസ്റ്റ് മിഡ്‌നാപൂര്‍), കരിംപൂര്‍ (നാദിയ), കലിയഗഞ്ച് (ഉത്തര്‍ ദിനാജ്പൂര്‍) എന്നിവിടങ്ങളിലെ തൃണമൂലിനുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഭരണകക്ഷിക്ക് മുസ്ലീം വോട്ടുകള്‍ പൂര്‍ണമായി ഏകീകരിക്കുന്നുവെന്ന് കാണിക്കുന്നു. മറുവശത്ത്, ഹിന്ദു വോട്ടുകളുടെ കാര്യത്തില്‍ അത്തരമൊരു ഏകീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വാസ്തവത്തില്‍, ബിജെപിയും ഭരണകക്ഷിയും തമ്മില്‍ ഹിന്ദു വോട്ടുകളുടെ വിഭജനം ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിമര്‍ശകരുടെ വിശകലനം.

അസമില്‍ നടത്തിയ എന്‍ആര്‍സി കരടില്‍ നിന്ന് ഹിന്ദു പേരുകള്‍ (ബംഗാളി പേരുകള്‍) ഒഴിവാക്കുന്ന വിഷയമായിരുന്നു മമത ആദ്യം ഉന്നയിച്ചത്. പിന്നീട് ആദ്യം പൊതുജനാഭിപ്രായം വളര്‍ത്തുന്നതിനും വികാരങ്ങള്‍ വളര്‍ത്തുന്നതിനുമായി ബംഗാളി അഭിമാനം പ്രകടിപ്പിച്ചു. ഇങ്ങനെ വിഷയം വൈകാരികമാക്കുകയാണ് മമത ചെയ്തത്. പൊതുജനശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍, പൊതുയോഗങ്ങളിലും പത്രസമ്മേളനങ്ങളിലും മമത പൗരത്വബില്‍ പ്രധാന വിഷയമാക്കുകയായിരുന്നു. എന്‍ആര്‍സി മൂലമുണ്ടായ അനിശ്ചിതത്വത്തെത്തുടര്‍ന്ന് ബംഗാളില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്തുവെന്നും അവര്‍ പറഞ്ഞു. നിരന്തരമുള്ള വൈകാരിക പരാമര്‍ശങ്ങള്‍ ഹിന്ദുവോട്ടുകള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളത് തന്നെയായിരുന്നു. പിന്നീട് തുടരെത്തുടരെ പൗരത്വരജിസ്റ്ററിനെതിരെ മമത വിമര്‍ശനങ്ങള്‍ ശക്തമാക്കി. മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്‍ആര്‍സിയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മമത പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ അവരെ പ്രതിരോധിക്കാനും എതിര്‍പ്പ് ആവര്‍ത്തിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ഇതൊരു തരത്തില്‍ ഹിന്ദുവോട്ടുകള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു.

2024 ഓടു കൂടി പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്പാടും നടപ്പിലാക്കുമെന്നായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. എന്നാല്‍ ഇന്നലെയും ഇതിനെതിരെ മമത രംഗത്തുവന്നത് കാണാം. പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. ബംഗാളില്‍ ഒരിക്കലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു മമതയുടെ പ്രതികരണം. മതത്തിന്റേയും ജാതിയുടേയും പേരില്‍ എന്‍ആര്‍സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് മമതയുടെ നിലപാട്.

SHARE