രണ്ടാം തവണയും ഹെലിക്കോപ്ടറിന് അനുമതി നിഷേധിച്ച് മമത: റാലി റദ്ദാക്കി അമിത് ഷാ മടങ്ങി

കൊല്‍ക്കത്ത: രണ്ടാം തവണയും ഹെലിക്കോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റാലി റദ്ദാക്കി അമിത് ഷാ മടങ്ങുകയായിരുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായുടെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ പശ്ചിമബംഗാള്‍ സംസ്ഥാന ഭരണകൂടം അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ജാര്‍ഗ്രാമിലെ ബി.ജെ.പി റാലി റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

തെക്കന്‍ പശ്ചിമബംഗാളിലെ ജാര്‍ഗ്രാമിലെ റാലിയില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെ അമിത് ഷാ എത്തിയപ്പോഴാണ് സംഭവം. അമിത് ഷായുടെ ഹെലിക്കോപ്ടറിന് ലാന്‍ഡിംഗ് അനുമതി നിഷേധിച്ചത് മമത ബാനര്‍ജിയുടെ ഇടപെടല്‍ മൂലമാണെന്ന് ബി.ജെ.പി ആരോപിച്ചു. അനുമതിക്കായി അവസാന നിമിഷവും ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഏറെ നേരം ആകാശത്ത് കാത്തുനിന്ന ശേഷം അമിത് ഷാ തിരികെ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന റാലിക്കായി മാല്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അമിത് ഷായുടെ ഹെലിക്കോപ്ടറിന് അനുമതി നിഷേധിച്ചിരുന്നു.എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ കുറേ നാളുകളായി ഇവിടെ വി.വി.ഐ.പികളുടെ ഹെലികോപ്ടറുകള്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന ഭരണകൂടം നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത് അടക്കമുള്ള ഹെലിക്കോപ്ടറുകള്‍ക്ക് അനുമതി നിഷേധിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു.