ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമതബാനര്‍ജി. ബംഗാളില്‍ ഒരിക്കലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മമത പറഞ്ഞു. നേരത്തെയും ഇക്കാര്യത്തില്‍ മമത നിലപാട് വ്യക്തമാക്കിയിരുന്നു.
പശ്ചിമബംഗാളില്‍ ഇതൊരിക്കലും സംഭവിക്കില്ല. മതത്തിന്റേയും ജാതിയുടേയും പേരില്‍ എന്‍ആര്‍സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. നേരത്തെ, അഭയാര്‍ഥികള്‍ക്ക് ഭൂമി പതിച്ചുനല്‍കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെയും സ്വകാര്യഉടമസ്ഥതയിലുമുളള ഭൂമിയിലെ കോളനികള്‍ നിയമവിധേയമാക്കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. ഇത് ദേശീയ പൗര റജിസ്റ്റര്‍ നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുക്കാനാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുളള ഭൂമിയിലെ 94 കോളനികള്‍ നിയമവിധേയമാക്കിയിരുന്നുവെന്ന് മമത ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലടക്കം ഒട്ടേറെ കോളനികളുണ്ടെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്നും മമത പറഞ്ഞു. ഇവര്‍ക്ക് ഭൂമി ഉടമാവകാശം നല്‍കാന്‍ സര്‍ക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ കേന്ദ്രം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കുകയാണ് ചെയ്യുന്നതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.