‘നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി’; ഡല്‍ഹി കലാപത്തില്‍ പ്രതിഷേധ കവിതയുമായി മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി കവിത പങ്കുവെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സമാധാനപരമായി പോകുന്ന ഒരു രാജ്യം അക്രമത്തിലേയ്ക്ക് നീങ്ങുന്നതില്‍ ആശങ്കയാണ് കവിതയില്‍ പറയുന്നത്. ‘നരകം’ എന്ന പേരുള്ള കവിതയാണ് മമത ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘നാം എവിടെയാണ് നാം എങ്ങോട്ടാണ് പോകുന്നത്. സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്ക് ഒരുപാട് ജീവനുകള്‍ നഷ്ടമായി ഇനി തിരിച്ച് കിട്ടില്ല. ഒരുപാട് രക്തം ചൊരിഞ്ഞു ഒരുപാട് മരണങ്ങള്‍. കോപം തീ പോലെ കത്തുന്നു. നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി ‘ മമത കുറിക്കുന്നു.

നേരത്തെ സമാധാനം നിലനിര്‍ത്താന്‍ മമത ബാനര്‍ജി ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും വിഷയത്തില്‍ രാഷ്ട്രീയ പരാമര്‍ശം നടത്താനോ ബിജെപിയെ വിമര്‍ശിക്കാനോ അവര്‍ മുതിര്‍ന്നിരുന്നില്ല.

അതേസമയം, ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 200ല്‍ കൂടുതല്‍ ആളുകള്‍ പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥക്ക് നേരിയ അയവ് വന്നിട്ടുണ്ട്. അതേസമയം മറ്റിടങ്ങളില്‍ നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 106 പേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. 18 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലും അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിക്കും രാവിലെ എട്ട് മണിക്കുമിടയില്‍ 19 കാളുകളാണ് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് ആസ്ഥാനത്തേക്ക് എത്തിയത്. 100 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

SHARE